ജൂലായ് ഒന്നുമുതല് റെഡ്ഡിറ്റ് നടപ്പിലാക്കാന് പോവുന്ന പുതിയ എപിഐ നിരക്കുകള്ക്കെതിരെ റെഡ്ഡിറ്റ് കമ്മ്യൂണിറ്റികള്ക്കിടയില് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ വര്ഷം ഏപ്രിലിലാണ് റെഡ്ഡിറ്റ് സിഇഒ സ്റ്റീവ ഹഫ്മാന് പുതിയ റെഡ്ഡിറ്റ് എപിഐ നിരക്കുകള് പ്രഖ്യാപിച്ചത്.
ഈ നടപടി ട്വിറ്ററിനെ അനുകരിച്ചുള്ളതാണെന്ന് അന്ന് തന്നെ ഉപഭോക്താക്കള്ക്ക് തോന്നിയിരുന്നതാണ്. ഫെബ്രുവരിയില് ട്വിറ്ററിലും പുതിയ എപിഐ നിരക്കുകള് പ്രഖ്യാപിച്ചിരുന്നു.
അതുവരെ സൗജന്യമായി നല്കിയിരുന്ന എപിഐ ഇനി പണം നല്കിയാല് മാത്രമേ മറ്റ് ഡെവലപ്പര്മാര്ക്ക് ഉപയോഗിക്കാന് സാധിക്കുകയുള്ളൂ. പണം നല്കാന് തയ്യാറാകാത്ത മൈക്രോസോഫ്റ്റ് തങ്ങളുടെ സോഷ്യല് മീഡിയാ മാനേജ്മെന്റ് ടൂളില് നിന്ന് ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു.
ഇതിന് സമാനമായ മാറ്റമാണ് റെഡ്ഡിറ്റും അവതരിപ്പിച്ചത്. ട്വിറ്ററിനെ മാതൃകയാക്കിയാണ് ഈ നീക്കമെന്ന് സിഇഒ സ്റ്റീവ് ഹഫ്മാന് തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഓണ്ലൈന് പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇലോണ് മസ്കുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തില് നിന്ന് ഉപദേശം സ്വീകരിച്ചിരുന്നുവെന്നും ഹഫ്മാന് പറഞ്ഞു.
എന്ബിസിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററില് ഇലോണ് മസ്ക് സ്വീകരിച്ച ചെലവ് ചുരുക്കല് നടപടികളെ ഹഫ്മാന് വാനോളം പുകഴ്ത്തുകയും ചെയ്തു.
പ്രാധാന്യമില്ലാത്ത വിഭാഗങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുക, ജീവനക്കാരുടെ ആനുകൂല്യങ്ങള് ഇളവ് ചെയ്യുക, ഉള്ള ജീവനക്കാരെ പരമാവധി ജോലി ചെയ്യിപ്പിക്കുക, ഉപഭോക്താക്കള്ക്ക് സൗജന്യമായി നല്കിയിരുന്ന പലതിനും പണമീടാക്കിത്തുടങ്ങുക തുടങ്ങി വിവിധ മാറ്റങ്ങളാണ് മസ്ക് കമ്പനിയേറ്റെടുത്തതിന് ശേഷം ട്വിറ്ററില് നടപ്പിലാക്കിയത്.
ഇതോടൊപ്പം ട്വിറ്ററിനെ എല്ലായ്പ്പോഴും വാര്ത്തകളില് നിലനിര്ത്തുന്നതിലും സംസാര വിഷയമാക്കുന്നതിലും മസ്ക് വിജയിക്കുകയും ചെയ്തു.
തേഡ് പാര്ട്ടി ആപ്പുകള് റെഡ്ഡിറ്റ് എപിഐ ഉപയോഗിക്കുന്നതിന് ഇനിമുതല് നിശ്ചിത തുക ഈടാക്കിത്തുടങ്ങുന്നതിനെതിരെയാണ് ഇപ്പോള് പ്രതിഷേധം ഉയര്ന്നിരിക്കുന്നത്.
റെഡ്ഡിറ്റിന് സ്വയം പര്യാപ്തമായ വ്യവസായമായി നിലനില്ക്കേണ്ടതുണ്ടെന്നും. അതിനാല് വലിയ അളവില് ഡാറ്റ ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്ക്ക് ഇനി ഇളവുകള് നല്കാനാവില്ലെന്നും ഹഫ്മാന് പറയുന്നു.