റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

സർക്കാർ ഇടപെടൽ ഫലം കണ്ടതോടെ ആന്റിബയോട്ടിക് വിൽപനയിലുണ്ടായ കുറവ് 1000 കോടിയുടേത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകളുടെ വിൽപനയിൽ ഒരു കൊല്ലം കൊണ്ട് 1000 കോടിയോളം രൂപയുടെ കുറവ്. പ്രതിവർഷം 15,000 കോടി രൂപ വരെ മരുന്നുകൾ വിൽക്കുന്നതിൽ 4500 കോടിയോളം ആന്റിബയോട്ടിക്കുകളായിരുന്നു.

സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ വഴിയുള്ള വിൽപനയിലാണ് 1000 കോടി രൂപയുടെ കുറവ് വന്നത്.

പല രോഗാണുക്കളിലും പ്രതിരോധം കൂടുന്നതു കണ്ടെത്തിയതിനെത്തുടർന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ ആരോഗ്യ വകുപ്പ് ഒരു വർഷം മുൻപ് ഇടപെടുകയും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

ആന്റിബയോട്ടിക്കുകൾ കുറിക്കുന്നതിൽ ഡോക്ടർമാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളും നിർദേശിച്ചു.

സർക്കാർ ഇടപെടലും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ എഴുതുന്നതു കുറയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് വിൽപനയിൽ 1000 കോടിയുടെ കുറവു വന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. ‌

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കു വർഷം 800 കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങുന്നുണ്ട്. ഇവിടെയും ആന്റിബയോട്ടിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഡെയറി, പോൾട്രി, മത്സ്യക്കൃഷി മേഖലകളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായി കണ്ടെത്തിയിരുന്നു.

ആന്റിബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം (ആന്റി മൈക്രോബിയൽ റസിസ്റ്റൻസ്) എന്നു വിളിക്കുന്നത്. ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണിത്.

രോഗാണുക്കൾ പ്രതിരോധശേഷി നേടുമ്പോൾ രോഗാവസ്ഥ മൂർച്ഛിക്കും. ഇതു ചികിത്സാച്ചെലവു വൻതോതിൽ വർധിപ്പിക്കും.

ആന്റിബയോട്ടിക്കിന്റെ അശാസ്ത്രീയ ഉപയോഗം തുടർന്നാൽ 2050ഓടെ ലോകമെമ്പാടും ഒരു കോടി ആളുകൾ എഎംആർ കാരണം മരിക്കുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്.

X
Top