ന്യൂഡൽഹി: പരസ്യം നല്‍കുന്നതിന് കൊണ്ടുവന്ന പുതിയ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പരസ്യ ദാതാക്കളും ഏജന്‍സികളും പരസ്യത്തിനൊപ്പം പ്രത്യേക സത്യവാങ്മൂല സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ഭക്ഷ്യ, ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കു മാത്രമാണ് ഇനി ഈ വ്യവസ്ഥ ബാധകമാവുക.
ഭക്ഷ്യ, ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളുടെ പരസ്യത്തിന് വാര്‍ഷിക സെല്‍ഫ് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു.
നേരത്തെ ഇറക്കിയ മറ്റെല്ലാ മാര്‍ഗരേഖകളും ഇതോടെ ഇല്ലാതായെന്ന് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വിശദീകരിച്ചു.
സത്യവാങ്മൂല സര്‍ട്ടിഫിക്കറ്റ് നിബന്ധന പരസ്യ ദാതാക്കള്‍ക്കും പരസ്യ ഏജന്‍സികള്‍ക്കും മാത്രമല്ല, മാധ്യമ സ്ഥാപനങ്ങള്‍ക്കും വലിയ തലവേദനയായിരുന്നു. സര്‍ക്കാര്‍ മാര്‍ഗരേഖ പുതുക്കിയത് എല്ലാവര്‍ക്കും ആശ്വാസമായി.
ടെലിവിഷന്‍, റേഡിയോ പരസ്യങ്ങളുടെ കാര്യത്തില്‍ ബ്രോഡ്കാസ്റ്റിങ് സേവ പോര്‍ട്ടല്‍, അച്ചടി-ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യ പോര്‍ട്ടല്‍ എന്നിവയിലേക്കാണ് സ്വയം സത്യവാങ്മൂലത്തിന്റെ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടത്.
പതഞ്ജലിയുടെ പരസ്യവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂല വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നത്.
ബന്ധപ്പെട്ട പോര്‍ട്ടലുകളിലേക്ക് സത്യവാങ്മൂലം അപ്‌ലോഡ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റില്ലാതെ പരസ്യം സ്വീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.
ഇനി ഭക്ഷ്യ, ആരോഗ്യ ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ മാത്രം ഈ നിബന്ധന പാലിച്ചാല്‍ മതി.