ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്‌ക്കെതിരെ സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. പ്രധാനപ്പെട്ട ചില രേഖകള്‍, രാജ്യത്തെ മൂല്യമുള്ള കമ്പനിയ്ക്ക് ലഭ്യമാക്കാന്‍ സുപ്രിംകോടതി സെബിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ സെബി ‘മനപ്പൂര്‍വമുള്ള അനുസരണക്കേട്’ കാണിച്ചുവെന്ന് റിലയന്‍സ് ആരോപിക്കുന്നു.
രണ്ട് പതിറ്റാണ്ട് പഴക്കമുള്ള സ്റ്റോക്ക് അലോട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് റിലയന്‍സിന് ലഭ്യമാകേണ്ടിയിരുന്നത്. ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സെബി ആലോചിക്കുന്ന സമയത്താണ് ഈ നീക്കം. ഓഗസ്റ്റ് 22 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ മുമ്പാകെ വിഷയം അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു.
കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് (റിട്ടയേര്‍ഡ്) ബിഎന്‍ ശ്രീകൃഷ്ണ നല്‍കിയ അഭിപ്രായങ്ങള്‍, വൈഎച്ച് മലേഗാമിന്റെ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളാണ് സെബി റിലയന്‍സുമായി പങ്കിടേണ്ടിയിരുന്നത്. ഓഗസ്റ്റ് 5 നാണ് ഇതിനായുള്ള നിര്‍ദ്ദേശം സുപ്രീം കോടതി സെബിയ്ക്ക് നല്‍കിയത്. എന്നാല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ അതിന് തയ്യാറായിട്ടില്ലെന്ന് റിലയന്‍സ് പറയുന്നു.