മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്‌നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. പദ്ധതിക്ക്1,424 കോടി രൂപയുടെ ചെലവ് വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (എംആർടിഎച്ച്) അറിയിച്ചു. ചെന്നൈയിൽ 184 ഏക്കറിൽ ആയിരിക്കും രാജ്യത്തെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ഉയരുക.
കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിൽ രൂപീകരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) വഴി പദ്ധതിക്ക് ആവശ്യമായ കണക്റ്റിങ് ഇൻഫ്രാസ്ട്രക്ചർ പിന്തുണ ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
104 കോടി രൂപ ചെലവിൽ 5.4 കിലോമീറ്ററിലെ 4 വരി ദേശീയ പാത കണക്റ്റിവിറ്റിയും മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കിലേക്ക് 217 കോടി രൂപ ചെലവിൽ 10.5 കിലോമീറ്റർ റെയിൽ കണക്റ്റിവിറ്റിയും നൽകും.
രണ്ട് വർഷത്തിനകം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. “ചെന്നൈ തുറമുഖത്ത് നിന്ന് 52 കിലോമീറ്ററും എന്നൂർ തുറമുഖത്ത് നിന്ന് 80 കിലോമീറ്ററും കടുപ്പള്ളി വിമാനത്താവളത്തിൽ നിന്ന് 87 കിലോമീറ്ററും ദൂരം വരുന്ന തന്ത്ര പ്രധാനമായ സ്ഥലത്താണ് മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് വരുന്നത്.
കേന്ദ്രത്തിന്റെ പ്രോജക്ട് മോണിറ്ററിംഗ് സിസ്റ്റത്തിന് കീഴിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ പദ്ധതി. സർക്കാരിന്റെ ഉന്നത തലത്തിലുള്ളവരുടെ നിരീക്ഷണത്തിലായിരിക്കും. പദ്ധതിയുടെ നിർമ്മാണം.
മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ആസൂത്രണം ചെയ്തതുപോലെ നടപ്പിലാക്കുകയാണെങ്കിൽ, ഇന്ത്യയുടെ ലോജിസ്റ്റിക് പ്രശ്‌നങ്ങൾക്ക് വലിയൊരു ആശ്വാസമാകും. ചരക്ക് സംയോജനത്തിനും വിതരണത്തിനും സംഭരണത്തിനും വെയർഹൗസിംഗിനുമുള്ള കേന്ദ്രങ്ങളായി ഇവ പ്രവർത്തിക്കും.
ലോജിസ്റ്റിക് സംവിധാനത്തെ ശക്തിപ്പെടുത്തുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ പാർക്കുകൾ ഇന്റർമോഡൽ ഗതാഗതം സുഗമമാക്കും.