മനാമ: കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വില കുതിച്ചുയര്‍ന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) വിപണി മൂല്യം ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ മറികടന്നു. റിലയന്‍സിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 245.25 ബില്യണ്‍ ഡോളറാണ്.
ഈ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ എത്രയോ മുകളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ കണക്കനുസരിച്ച് കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളുടെ ജിഡിപി യഥാക്രമം 167.01 ബില്യണ്‍, 112.35 ബില്യണ്‍, 47.12 ബില്യണ്‍ ഡോളറാണ്.
ആളോഹരി ജിഡിപി അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായ ലക്‌സംബര്‍ഗിന്റെ സമ്പദ്വ്യവസ്ഥയെ റിലയന്‍സ് മറികടക്കുന്നു. ഐഎംഎഫ് ഡാറ്റ അനുസരിച്ച്, ലക്‌സംബര്‍ഗിന്റെ ജിഡിപി 94.03 ബില്യണ്‍ ഡോളറാണ്. ഇത് റിലയന്‍സിന്റെ വിപണി മൂല്യത്തിന്റെ പകുതിയില്‍ താഴെയാണ്.
ഇന്ത്യയിലെ മികച്ച അഞ്ച് കമ്പനികളുടെ വിപണി മൂല്യം (ബില്യണ്‍ യുഎസ് ജോളറില്‍)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 245.25
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 178.74
എച്ച്ഡിഎഫ്‌സി ബാങ്ക് 139.29
ഐസിഐസിഐ ബാങ്ക് 92.92
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 83.30
ആസ്തി കുതിച്ചുയര്‍ന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ ആദ്യ 10 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഈയിടെ തിരിച്ചെത്തിയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ സമ്പാദ്യത്തില്‍ 200 ശതമാനത്തിന്റെ വര്‍ധവനാണ് ഉണ്ടായത്.
ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 9.45 ലക്ഷം കോടി രൂപ (114.1 ബില്യണ്‍ ഡോളര്‍) യാണ് മുകേഷ് അംബാനിയുടെ ആസ്തി.
റിലയന്‍സിന്റെ വിപണി മൂല്യം 2007ലാണ് ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നത്. പിന്നീട് താഴുകയും 2018 ജൂലൈ 31 വരെ ആ നിലവാരത്തിന് താഴെയായി തുടരുകയും ചെയ്തു. എന്നാല്‍ 2020ല്‍ 150 ബില്യണ്‍ ഡോളറിലെത്തി.
അതേ വര്‍ഷം തന്നെ 200 ബില്യണ്‍ ഡോളറും മറികടന്നു. 2024 തുടക്കത്തില്‍ 245.25 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്്തു. നടപ്പ് വര്‍ഷം ഇതുവരെ റിലയന്‍സിന്റെ വിപണി മൂല്യം 16 ശതമാനത്തിലധികം ഉയര്‍ന്നു.
റിലയന്‍സ് റീട്ടെയിലില്‍ അബുദാബി 4,966 കോടി രൂപ അടുത്തിടെ നിക്ഷേപിച്ചിരുന്നു. റിലയന്‍സിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ആര്‍വിഎല്ലിലേക്ക് (റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ്) അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള കമ്പനിയാണ് നിക്ഷേപമിറക്കിയത്.
ഇതോടെ ഓഹരി മൂല്യം വീണ്ടും കുതിച്ചുയരുകയുണ്ടായി.