ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച 500 കമ്പനികളുടെ ബര്‍ഗണ്ടി ഹുറൂണ്‍ പട്ടികയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാമതെത്തി. 16.3 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. 11.8 ലക്ഷം കോടി വിപണി മൂല്യവുമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) 9.4 ലക്ഷം കോടി രൂപയുമായി എച്ച്ഡിഎഫ്സി ബാങ്കുമാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളില്‍.
20,97,349 കോടി വിപണി മൂല്യമുള്ള ടാറ്റ ഗ്രൂപ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ്. 15 കമ്പനികളാണ് ടാറ്റ ഗ്രൂപ്പിലുള്ളത്. 9,54,899 കോടി രൂപയുമായി അദാനി ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും 2,75,286 കോടി രൂപയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുന്നു.
യഥാക്രമം എട്ടും അഞ്ചും കമ്പനികളാണ് ഇരു ഗ്രൂപ്പുകളിലുമുള്ളത്. ടിസിഎസ്, അദാനി എന്റര്‍പ്രൈസസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവയാണ് യഥാക്രമം ഈ മൂന്നു ഗ്രൂപ്പിലേയും ഏറ്റവും മൂല്യമുള്ള കമ്പനികള്‍. ഉക്രൈന്‍ യുദ്ധം, പ്രധാന വായ്പാ നിരക്കുകളിലെ വര്‍ദ്ധനവ്, ഫണ്ടിംഗ് കുറവ് എന്നിവ കാരണം കമ്പനികളുടെ മൂല്യത്തില്‍ ആറ് മാസത്തിനിടെ 6.4 ശതമാനം ഇടിവുണ്ടായതായി ഹുറൂണ്‍ ഇന്ത്യ എംഡിയും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്‌മാന്‍ ജുനൈദ് പറഞ്ഞു.
500 കമ്പനികളില്‍ 287 എണ്ണത്തിന്റെ മൂല്യത്തില്‍ ഇടിവുണ്ടായപ്പോള്‍ 14 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. 24 എണ്ണം പട്ടികയില്‍ നിന്ന് പുറത്തായി.മികച്ച 10 കമ്പനികളുടെ മൊത്തം മൂല്യം 71.4 ലക്ഷം കോടി രൂപയായി തുടരുന്നു.
ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഗണ്യമായ ഭാഗത്തെ പ്രതിനിധീകരിക്കുന്നതായി ജുനൈദ് പറഞ്ഞു.