മുംബൈ: അദാനി ട്രാൻസ്മിഷനെതിരെ മുംബൈ സെന്റർ ഫോർ ഇന്റർനാഷണൽ ആർബിട്രേഷനിൽ ക്ലെയിം ഫയൽ ചെയ്ത് അനിൽ അംബാനി ഗ്രൂപ്പ് കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ-ഇൻഫ്ര). 13,400 കോടി രൂപയുടെ (1.7 ബില്യൺ ഡോളർ) ആർബിട്രേഷൻ ക്ലെയിമാണ് ഫയൽ ചെയ്തത്.
കമ്പനിയുടെ മുംബൈ പവർ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് കൈമാറ്റവുമായി ബന്ധപ്പെട്ട ഓഹരി വാങ്ങൽ കരാറിന്റെ നിബന്ധനകൾ അദാനി ട്രാൻസ്മിഷൻ ലംഘിച്ചെന്ന് ആരോപിച്ചാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എംസിഐഎ സമീപിച്ചത്. 2017 ഡിസംബറിലാണ് ഇത് സംബന്ധിച്ച കരാറിൽ കമ്പനികൾ ഒപ്പുവെച്ചത്.
എടിഎല്ലിനെതിരെ ആർബിട്രേഷൻ ക്ലെയിം ഫയൽ ചെയ്തതതായി കമ്പനി തന്നെയാണ് അതിന്റെ റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചത്. അതേസമയം അദാനി ട്രാൻസ്മിഷൻ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരി 9.90 ശതമാനം ഇടിഞ്ഞ് 162.45 രൂപയിലും അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ 0.18 ശതമാനം ഉയർന്ന് 3,931.65 രൂപയിലുമാണ് വ്യാപാരം അവസാനിപിച്ചത്.
2017-ൽ അദാനി ഗ്രൂപ്പ് 18,800 കോടിയുടെ ഇടപാടിൽ ആർ-ഇൻഫ്രയുടെ മുംബൈ പവർ ബിസിനസ്സ് ഏറ്റെടുത്തിരുന്നു. ഈ കരാറിലൂടെയാണ് അദാനി ഗ്രൂപ്പ് വൈദ്യുതി വിതരണ ബിസിനസിൽ ചുവടുറപ്പിച്ചത്. ഈ ഏറ്റെടുക്കൽ ഒരു ജനറേഷൻ ആൻഡ് ട്രാൻസ്മിഷൻ കമ്പനിയിൽ നിന്ന് സംയോജിത പവർ യൂട്ടിലിറ്റിയിലേക്ക് മാറാൻ കമ്പനിയെ സഹായിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ട്രാൻസ്മിഷൻ, പവർ ഡിസ്ട്രിബ്യൂഷൻ സ്ഥാപനമാണ് അദാനി ട്രാൻസ്മിഷൻ.