
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരി ഇന്നലെ ശക്തമായ ഇടിവിനെ തുടര്‍ന്ന് 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി.
എന്‍എസ്‌ഇയില്‍ 1114.85 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയ താഴ്‌ന്ന വില. ആറ് ദിവസം കൊണ്ട് 12.7 ശതമാനം ഇടിവാണ് റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ 2.26 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്.
15.49 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. 2020 മാര്‍ച്ചിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവ് ആണ് ഇന്നലെ നിഫ്‌റ്റിയും സെന്‍സെക്‌സും നേരിട്ടത്.
നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള ഓഹരിയായ റിലയന്‍സ് ഇന്നലെ രാവിലെ വ്യാപാരത്തിനിടെ ഏഴര ശതമാനം നഷ്‌ടമാണ് നേരിട്ടത്. അതേ സമയം 1114.85 രൂപ വരെ ഇടിഞ്ഞ ഓഹരി പിന്നീട് 1157.50 രൂപ വരെ ഉയര്‍ന്നു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 17.4 ശതമാനം ഇടിവാണ് റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായത്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ടു മാത്രം 10 ശതമാനം ഇടിവ് നേരിട്ടു. 18,540 കോടി രൂപയാണ് ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ റിലയന്‍സ് കൈവരിച്ച ലാഭം.
ഏഴ് ശതമാനമാണ് ലാഭവളര്‍ച്ച. വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അനലിസ്റ്റുകള്‍ പൊതുവെ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലാഭവും വരുമാനവുമാണ് കമ്പനി കൈവരിച്ചത്.