ഹൈദരാബാദ്: രാജ്യത്തെ ടെലികോം വിപണിയില്‍ വന്‍ മാറ്റങ്ങളാണ് നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ട്രായ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത് അനുസരിച്ച് ജിയോയ്ക്ക് ഏകദേശം 32.81 ലക്ഷം പുതിയ വരിക്കാരാണ്. ജിയോയുടെ എതിരാളികളായ എയര്‍ ടെല്‍ 3.26 ലക്ഷം വരിക്കാരെയും ചേര്‍ത്തു.
എന്നാല്‍ ബിഎസ്എന്‍എല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും വന്‍ നഷ്ടമാണ് നേരിട്ടത്. വോഡഫോണ്‍ ഐഡിയയ്ക്ക് 19.58 ലക്ഷം വരിക്കാരെ നഷ്ടമായപ്പോള്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് 5.67 ലക്ഷം വരിക്കാരും വിട്ടുപോയി.
ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ജൂലൈ അവസാനത്തിലെ 114.8 കോടിയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 114.91 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.0.09 ശതമാനമാണ് പ്രതിമാസ വളര്‍ച്ചാ നിരക്ക്. ടെലികോം വിപണിയുടെ 36.48 ശതമാനം ജിയോ നേടിയപ്പോള്‍ എയര്‍ടെല്‍ 31.66 ശതമാനം വിഹിതം പിടിച്ചെടുത്തു. 9.58 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.
രാജ്യത്തെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം ജൂലൈ മാസത്തിലെ അവസാനം 2.56 കോടിയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 2.59 കോടിയായി വര്‍ദ്ധിച്ചു. ഇത് പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.34 ശതമാനമാണായാണ് കാണിക്കുന്നത്. വിപണി വിഹിതത്തിന്റെ 28.31 ശതമാനം പിടിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ലൈന്‍ സേവന ദാതാവാണ് ജിയോ എന്ന് ട്രായ് ഡേറ്റ കാണിക്കുന്നു.