മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന, രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് തിരിച്ചടി. കൂടുതൽ ഉപയോക്താക്കൾ ജിയോ വിടുന്നതായി കണക്കുകൾ.
അതേ സമയം പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനയുണ്ടായി. ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തു വിട്ട കണക്കുകളാണിത്.
ഇക്കഴിഞ്ഞ സെപ്തംബറിൽ, 30 ദിവസങ്ങളിൽ റിലയൻസ് ജിയോയ്ക്ക് 79.7 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. ജിയോയുടെ ചരിത്രത്തിൽ ഒരു മാസം ഏറ്റവുമധികം ഉപയോക്താക്കൾ കൊഴിഞ്ഞു പോയ മാസമായി 2024 സെപ്തംബർ മാറി. ഇതോടെ ജിയോയുടെ വിപണി വിഹിതത്തിലും ഗണ്യമായ തോതിൽ കുറവുണ്ടായിരിക്കുകയാണ്.
നിലവിൽ ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോയ്ക്ക് 40.20% വിപണി പങ്കാളിത്തമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഭാരതി എയർടെല്ലിന് 33.24%, മൂന്നാമതുള്ള വോഡഫോൺ ഐഡിയയ്ക്ക് 18.41% എന്നിങ്ങനെയാണ് മാർക്കറ്റ് ഷെയറുള്ളത്.
അതേ സമയം ബി.എസ്.എൻ.എല്ലിന്റെ വിപണി വിഹിതം 7.98% എന്ന തോതിലാണ്. ടെലികോം കമ്പനികൾക്ക് ആകെ 10 മില്യൺ ഉപയോക്താക്കളെയാണ് 2024 സെപ്തംബറിൽ നഷ്ടപ്പെട്ടതെന്നും ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ജിയോയുടെ ഉപയോക്താക്കൾ വലിയ തോതിൽ കുറഞ്ഞപ്പോൾ സമാന കാലയളവിൽ ബി.എസ്.എൻ.എല്ലിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനയുമുണ്ടായിട്ടുണ്ട്.
സെപ്തംബറിൽ 8.5 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കമ്പനിക്ക് ലഭിച്ചത്. അതേ സമയം, സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിൽ വോഡഫോൺ ഐഡിയ നേരിടുന്ന പ്രതിസന്ധി തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. സെപ്തംബറിൽ കമ്പനിക്ക് 15.5 ലക്ഷം സബ്സ്ക്രൈബേഴ്സിനെ നഷ്ടപ്പെട്ടു.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ, സുനിൽ മിത്തൽ നേതൃത്ത്വം നൽകുന്ന ഭാരതി എയർടെല്ലിനും സെപ്തംബർ മാസം തിരിച്ചടി നേരിട്ടു. കമ്പനിക്ക് 14.3 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു.
2024 സെപ്തംബർ മാസത്തിൽ ആകെ 13.32 മില്യൺ അപേക്ഷകളാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്കായി (MNP) ലഭിച്ചത്.
അതേ സമയം പ്രവർത്തനക്ഷമമല്ലാത്ത നമ്പറുകൾ കാലഹരണപ്പെടുന്നതും, മറ്റ് നിയന്ത്രണങ്ങളാൽ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുന്നതുമെല്ലാം ആകെയുള്ള ഉപയോക്താക്കളുടെ എണ്ണത്തിൽ ഉൾപ്പെടും.
അതേ സമയം ഉപയോക്താക്കളുടെ വലിയ തോതിലുള്ള കൊഴിഞ്ഞു പോക്ക് ഈ സെക്ടറിൽ നടക്കുന്ന വലിയ മാറ്റമായും വിലയിരുത്തപ്പെടുന്നു. സ്വകാര്യ ടെലികോം കമ്പനികൾ ഇക്കഴിഞ്ഞ ജൂലൈയിൽ നിരക്ക് വർധന പ്രഖ്യാപിച്ചപ്പോൾ മുതൽ ഈ ട്രെൻഡ് വർധിച്ചു വരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതേ സമയം ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി റിലയൻസ് ജിയോ തന്നെയാണ്.