മുംബൈ: കൃത്രിമ ബുദ്ധി സാങ്കേതിക സംവിധാനം ഉപയോഗിച്ച് രാജ്യത്തിന് സ്വന്തമായ ഭാഷാ മോഡല് അവതരിപ്പിക്കാന് റിലയന്സ്. യുഎസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ആഗോള ചിപ് നിര്മാതാക്കളായ എന്വിഡിയയുമായി ചേര്ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.
തദ്ദേശീയമായ ഭാഷകളില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സാധ്യതകള് പ്രയോജനപ്പെടുത്താന് ഇരു കമ്പനികളും കൂട്ടായി പ്രവര്ത്തിക്കും.
സൂപ്പര് കമ്പ്യൂട്ടറിനേക്കാള് മികവുറ്റ എഐ ഇന്ഫ്രസ്കചറാകും ഇതിനായി ഒരുക്കുക.
സൂപ്പര് ചിപ്പ്, എഐ സൂപ്പര് കമ്പ്യൂട്ടിങ് സേവനമായ ഡിജിഎക്സ് ക്ലൗഡ് എന്നിവ എന്വിഡിയ ലഭ്യമാക്കും. 45 കോടിയോളം വരുന്ന ഉപഭോക്താക്കള്ക്കായി റിലയന്സ് എഐ അപ്ലിക്കേഷനുകളും സേവനങ്ങളും നല്കും.
രാജ്യത്തെ സാങ്കേതിക വിദഗ്ദധര്, ശാസ്ത്രജ്ഞര് തുടങ്ങിയവര്ക്ക് ഇതിന്റെ ഗുണംലഭിക്കും. സ്റ്റാര്ട്ടപ്പുകള്ക്കും സേവനം പ്രയോജനപ്പെടുത്താം.
എന്വിഡിയയുടെ സാങ്കേതിക സഹകരണമുണ്ടാകുമെങ്കിലും റിലയന്സ് ജിയോക്കായിരിക്കും നിര്വഹണ ചുമതല.