കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഐപിഒക്ക് മുമ്പ് നിരക്ക് കൂട്ടാന്‍ റിലയൻസ് ജിയോ

മുംബൈ: രാജ്യത്ത് വീണ്ടും ടെലികോം നിരക്ക് വര്‍ധനക്ക് കളമൊരുങ്ങുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

കമ്പനിയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ)ക്ക് മുമ്പ് നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. ജിയോക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും നിരക്ക് വര്‍ധന പ്രഖ്യാപിക്കാനാണ് സാധ്യത.

രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ജൂണിലാണ് ജിയോ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ചില പ്ലാനുകള്‍ക്ക് 25 ശതമാനം വരെയായിരുന്നു വര്‍ധന. ഇതിന്റെ ചുവട് പിടിച്ച് മറ്റ് കമ്പനികളും ചേര്‍ന്നതോടെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ചെലവിടേണ്ട തുക വര്‍ധിച്ചു.

റിലയന്‍സ് ജിയോക്ക് ഒരു ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ആവറേജ് റെവന്യൂ പെര്‍ യൂസര്‍ -എ.ആര്‍.പി.യു) മൂന്നാം പാദത്തില്‍ 200 രൂപക്ക് മുകളിലെത്തി.

എന്നാല്‍ ഇത് കമ്പനി പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. എ.ആര്‍.പി.യു വര്‍ധിപ്പിക്കാനാണ് ജിയോ നിരക്ക് വര്‍ധനക്കൊരുങ്ങുന്നതെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ റിലയന്‍സ് ജിയോ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ തവണ നിരക്ക് വര്‍ധനക്ക് പിന്നാലെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ജിയോ സേവനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ഇതൊഴിവാക്കാന്‍ പ്രീമിയം സേവനങ്ങള്‍ക്ക് മാത്രം വില വര്‍ധിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

നിരക്ക് വര്‍ധിപ്പിക്കാതിരുന്ന ഫീച്ചര്‍ ഫോണ്‍ സെഗ്‌മെന്റില്‍ ഉപയോക്താക്കള്‍ വര്‍ധിച്ചത് കൂടി കണക്കിലെടുത്താണ് നീക്കം. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ റിലയന്‍സ് ജിയോക്ക് 48.2 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.

കഴിഞ്ഞ വര്‍ഷത്തിലെ സമാനകാലയളവില്‍ 47.1 കോടി ഉപയോക്താക്കളും സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 47.9 കോടിയും ആയിരുന്നു ജിയോക്കുണ്ടായിരുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ റിലയന്‍സ് ജിയോ ഐ.പി.ഒയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും രാജ്യം കണ്ട ഏറ്റവും വലിയ പ്രാരംഭ വില്‍പ്പനയാകുമിത്.

10 ലക്ഷം കോടി രൂപ (120 ബില്യന്‍ ഡോളര്‍) മൂല്യം ലക്ഷ്യം വച്ചാണ് കമ്പനി ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഇത് നേടാന്‍ എ.ആര്‍.പി.യു അടക്കമുള്ളവ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 40,000 കോടി രൂപയോളം ഐ.പി.ഒ വഴി വിപണിയില്‍ നിന്നും സമാഹരിക്കാനാണ് ജിയോയുടെ പദ്ധതി.

X
Top