മുംബൈ: പുനരുപയോഗ ഊർജ്ജ മേഖലയിൽ ബിസിനസ് വ്യാപിപ്പിച്ച് റിലയൻസ്. റിന്യൂവബിൾ എനർജി ബിസിനസിനായി ‘റിലയൻസ് എൻ യു എനർജീസ്’ എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചതായി റിലയൻസ് പവർ അറിയിച്ചു.
കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മായങ്ക് ബൻസലിനെയും രാകേഷ് സ്വരൂപിനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചു.
പുതിയ അനുബന്ധ സ്ഥാപനമായ റിലയൻസ് എൻ യു സുസ്ഥിര ആവശ്യങ്ങളെ പിന്തുണയ്‌ക്കും. ഊർജ്ജ ആവശ്യകതകളെ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യാനും താങ്ങാനാവുന്ന വിധത്തിൽ എല്ലാവരിലേക്കും പുനരുപയോഗ ഊർജ്ജമെത്തുമെന്നും റിലയൻസ് പവറിന്റെ പ്രസ്താവനയിൽ പറയുന്നു.
സൗരോർജ്ജം, കാറ്റ്, ഹൈബ്രിഡ് സംവിധാനങ്ങൾ, നൂതന ഊർജ്ജ സംഭരണം എന്നിവയിലാകും റിലയൻസ് എൻയു ശ്രദ്ധ കേന്ദ്രീകരിക്കുക.
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയൻസ് പവർ ഇന്ത്യയിലെ പ്രമുഖ ഊർജ ഉത്പാദക കമ്പനികളിലൊന്നാണ്.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത താപവൈദ്യുത നിലയമായ മധ്യപ്രദേശിലെ 4,000 മെഗാവാട്ട് സാസൻ അൾട്രാ മെഗാ പവർ പ്രോജക്റ്റ് റിലയൻസ് പവർ ആണ് പ്രവർത്തിപ്പിക്കുന്നത്.