
മുംബൈ: റിലയന്സ് ഇന്ഡസ്ട്രീസിന്റെ റീട്ടെയില് ബിസിനസായ റിലയന്സ് റീട്ടെയില് വെഞ്ച്വേഴ്സ് 3,048 കോടി രൂപ സമാഹരിക്കുന്നു. ഇന്ഫ്രസ്ട്രെക്ചര് ഇന്വെസ്റ്റുമെന്റ് ട്രെസ്റ്റ് (ഇന്വിറ്റ്) വഴി തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സെബിയില്നല്കിയ രേഖകളില് വ്യക്തമാക്കിയിട്ടുണ്ട്.
റീട്ടെയില് ബിസിനസിന്റെ വെയര്ഹൗസിങ്, ലോജിസ്റ്റിക്സ് ആസ്തികള് വഴിയാണ് പണം സമാഹരിക്കുന്നത്. ഇതിനായി ഇന്റലിജന്സ് സപ്ലെചെയിന് ഇന്ഫ്രസ്ടക്ചര് ട്രസ്റ്റ് രൂപീകരിച്ചിരുന്നു. റിലയന്സ് റീട്ടെയില് ട്രസ്റ്റിന്റെ 25 ശതമാനം ഓഹരികള് കൈവശംവെച്ച് ബാക്കിയുള്ളത് നിക്ഷേപകര്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
വെയര്ഹൗസിനായി 1.277 കോടി ചതുരശ്ര അടി വിസ്തീര്ണമുള്ള സ്ഥലവും ചരക്ക് നീക്കത്തിനുളള അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും 4,261 കോടി രൂപ മുടക്കി ഏറ്റെടുക്കാനാണ് പദ്ധതി.
ഏറ്റെടുക്കലുകള്ക്കായി 2,122 കോടി രൂപയുടെ വായ്പക്കായി സിക്ക പോര്ട്സ് ആന്ഡ് ടെര്മിനല്സ് ലിമിറ്റഡുമായി കരാറിലെത്തിയിട്ടുമുണ്ട്. വെയര്ഹൗസിങ് ആസ്തികള് ഏറ്റെടുക്കുന്നതിനാകും തുക ഉപയോഗിക്കുക.
ഡല്ഹി, മുംബ, ബെംഗളുരു, ചെന്നൈ, കൊല്ക്കത്ത, അഹമ്മദാബാദ്, പുണെ, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ 34 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 64 വെയര്ഹൗസ് ആസ്തികളാണ് ഈ നിക്ഷേപത്തില് ഉള്പ്പെടുക.
ഈ ഗോഡൗണുകളില് ഒരോന്നിനും 1,00,000 ചതുരശ്ര അടി വിസ്തീര്ണവും 25 കോടിയിലേറെ രൂപ നിക്ഷേപവുമുണ്ട്.
റിലയന്സ് ഫ്രഷ്, റിലയന്സ് ഡിജിറ്റല്, ട്രെന്ഡ്സ്, അജിയോ ഡോട് കോം തുടങ്ങിയ ബ്രാന്ഡുകള്ക്കൊപ്പം പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാര്മസി, ഫാഷന്, ലൈഫ്സ്റ്റൈല് എന്നീ മേഖലകളിലും റിലയന്സ് റീട്ടെയിലിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.