മുംബൈ: ഏറ്റവും പുതിയ റെഗുലേറ്ററി വെളിപ്പെടുത്തലുകൾ പ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്റെ മുൻനിര റീട്ടെയിൽ ബിസിനസ് സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 5,000 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 7.6 ശതമാനം വർധിച്ച് 4,934.65 കോടിയായി.
സമാനമായി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള അറ്റവരുമാനം 29 ശതമാനം ഉയർന്ന് 1,69,397.35 കോടി രൂപയായി വർധിച്ചു. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലർ ആണ് റിലയൻസ് റീട്ടെയിൽ.
ഡിമാർട്ട് ശൃംഖല, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ട്രെന്റ്, സ്പെൻസേഴ്‌സ് റീട്ടെയിൽ എന്നിവയാണ് കമ്പനിയുടെ മുഖ്യ എതിരാളികൾ. ഈ എതിരാളികളുടെ മൊത്തം വരുമാനത്തിന്റെ നാലിരട്ടിയിലേറെയായാണ് കമ്പനിയുടെ വരുമാനം.
കമ്പനിയിൽ 99.93 ശതമാനം ഓഹരിയുള്ള റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് വഴിയാണ് റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയെ നിയന്ത്രിക്കുന്നത്. ഈ ഫലത്തിൽ റിലയൻസ് റീട്ടെയിലിന്റെയും മറ്റ് ബിസിനസുകളുടെയും സംയുക്ത സംരംഭങ്ങൾ, റിലയൻസ് ബ്രാൻഡുകൾ പോലെയുള്ള സ്ഥാപനങ്ങളുടെയും പ്രകടനം ഉൾപ്പെടുന്നു.
2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തവരുമാനം 1,49,925 കോടി രൂപയും അറ്റാദായം 4,587 കോടി രൂപയുമായിരുന്നു. റിലയൻസ് റീട്ടെയിൽ അതിന്റെ പ്രവർത്തനങ്ങൾക്കായി 2021-22ൽ 30,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. കൂടാതെ കമ്പനി ഈ വർഷം 2,500 യൂണിറ്റ് സ്റ്റോറുകളും 11.1 ദശലക്ഷം ചതുരശ്ര അടിയുടെ വെയർഹൗസിംഗ് സ്ഥലവും കൂട്ടിച്ചേർത്തു.