
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബംഗാൾ ഉൾക്കടലിലെ കെജി-ഡി6 ബ്ലോക്കിലെ എംജെ ഗ്യാസ് കണ്ടൻസേറ്റ് ഫീൽഡ് ഈ വർഷാവസാനത്തോടെ കമ്മീഷൻ ചെയ്യും. ഇത് പ്രകൃതി വാതക ഉൽപ്പാദനം ഇന്ത്യയുടെ മൊത്തം വാതക ഉൽപ്പാദനത്തിന്റെ 30 ശതമാനമായി ഉയർത്തും.
എംജെ ഗ്യാസ് കണ്ടൻസേറ്റ് ഫീൽഡ് പദ്ധതി ഏറെക്കുറെ പൂർത്തിയായതായും, അതിനാൽ വർഷാവസാനത്തോടെ ഇതിൽ ഗ്യാസ് ഉൽപാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എണ്ണ, വാതക വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് സഞ്ജയ് റോയ് പറഞ്ഞു.
കിഴക്കൻ ഓഫ്‌ഷോർ ബ്ലോക്കിൽ റിലയൻസും അതിന്റെ പങ്കാളിയായ ബിപിയും ചേർന്ന് വികസിപ്പിച്ചെടുക്കുന്ന ഒരു കൂട്ടം കണ്ടെത്തലുകളിൽ മൂന്നാമത്തേതും അവസാനത്തേതുമാണ് എംജെ. കെജി-ഡി6 ബ്ലോക്കിലെ ഏറ്റവും ആഴത്തിലുള്ള വാതകം കണ്ടെത്തി ഉൽപ്പാദിപ്പിക്കുന്നതിന് ഇരു കമ്പനികളും ഫ്ലോട്ടിംഗ് പ്രൊഡക്ഷൻ സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
കെജി-ഡി6 ബ്ലോക്കിലെ ആർ-ക്ലസ്റ്റർ, സാറ്റലൈറ്റ് ക്ലസ്റ്റർ, എംജെ എന്നീ മൂന്ന് വ്യത്യസ്ത വികസന പദ്ധതികൾക്കായി റിലയൻസും ബിപിയും ഏകദേശം 5 ബില്യൺ യുഎസ് ഡോളറാണ് ചെലവഴിക്കുന്നത്. ആർ-ക്ലസ്റ്റർ 2020 ഡിസംബറിൽ ഉത്പാദനം ആരംഭിച്ചപ്പോൾ, കഴിഞ്ഞ വർഷം ഏപ്രിലിലാണ് സാറ്റലൈറ്റ് ക്ലസ്റ്റർ ഉത്പാദനം ആരംഭിച്ചത്.
കെജി-ഡി6 ബ്ലോക്കിൽ റിലയൻസ് ഇതുവരെ 19 വാതക കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. കൂടാതെ ഇതിൽ റിലയൻസിന് 66.67 ശതമാനം ഓഹരിയാണുള്ളത്, ബാക്കി 33.33 ശതമാനം ബിപി കൈവശം വയ്ക്കുന്നു.