മുംബൈ: രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിന് 8 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ഈജിപ്ഷ്യൻ സർക്കാരുമായി റിന്യൂ പവർ ഒരു പ്രാഥമിക കരാർ ഒപ്പിട്ടതായി പുനരുപയോഗ ഊർജ സ്ഥാപനത്തിന്റെ ചെയർമാൻ പറഞ്ഞു. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ഉൾപ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെ, വരും വർഷങ്ങളിൽ ഈജിപ്തിൽ പ്രതിവർഷം 2,20,000 ടൺ ശുദ്ധമായ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് ചെയർമാൻ സുമന്ത് സിൻഹ പറഞ്ഞു.
സൂയസ് കനാൽ സാമ്പത്തിക മേഖലയിൽ പദ്ധതി നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ന്യൂഡൽഹിയിലെ ഈജിപ്ഷ്യൻ എംബസി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി ഇന്ത്യൻ കമ്പനികളുമായി റിന്യൂ പവർ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് വൻകിട ഇൻഡസ്ട്രികളെ ഡീകാർബണൈസ് ചെയ്യുന്നതിന് നിർണായകമായി കണക്കാക്കപ്പെടുന്നു.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിന്യൂവിന്റെ ആസ്ഥാനം ഗുര്‍ഗാവോണ്‍ ആണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് , അദാനി ഗ്രൂപ്പ് ഉള്‍പ്പടെ ഗ്രീൻ ഹൈഡ്രജന്‍ പദ്ധതി പ്രഖ്യാപിക്കുന്ന കമ്പനികളുടെ പട്ടികയിലേക്ക് ഇതോടെ റിന്യൂവും എത്തുകയാണ്. റിലയന്‍സ് 75 ബില്യൺ ഡോളറിന്റെയും അദാനി 70 ബില്യൺ ഡോളറിന്റെയും പദ്ധതികളാണ് ഈ മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.