മുംബൈ: അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന് 2027 സാമ്പത്തിക വർഷം വരെ സംയോജിത വാർഷിക വളർച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) ഏകീകൃത വരുമാനം 17.5 ശതമാനവും അറ്റാദായം 45.8 ശതമാനവും പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനമായ വെഞ്ചുറ സെക്യൂരിറ്റീസ്.
അദാനി പോർട്ട്‌സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ, അദാനി വിൽമർ തുടങ്ങിയ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ്.
വിമാനത്താവളങ്ങൾ, സോളാർ മൊഡ്യൂളുകളും കാറ്റാടി ടർബൈനുകളും, ഗ്രീൻ ഹൈഡ്രജൻ, റോഡ് നിർമ്മാണം, ഡാറ്റാ സെൻ്റർ, ചെമ്പ് വ്യവസായം എന്നിവയില്‍ വ്യാപിച്ചു കിടക്കുന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍.
2024 സാമ്പത്തിക വര്‍ഷം മുതല്‍ 2027 സാമ്പത്തിക വര്‍ഷം വരെ ഏകീകൃത വരുമാനം, എബിറ്റ്ഡാ (EBITDA), അറ്റ വരുമാനം എന്നിവ സംയോജിത വാർഷിക വളർച്ചാ നിരക്കില്‍ 17.5 ശതമാനം, 37.5 ശതമാനം, 45.8 ശതമാനം എന്ന തോതില്‍ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് ഈ വര്‍ഷങ്ങളില്‍ യഥാക്രമം 1,56,343 കോടി രൂപയിലും 28,563 കോടി രൂപയിലും 99,000 കോടി രൂപയിലും എത്തുമെന്നാണ് കരുതുന്നത്.
ബിസിനസുകളുടെ മൂല്യം
വിമാനത്താവളങ്ങള്‍, സോളാർ/ കാറ്റ് ടർബൈൻ ബിസിനസുകള്‍ തുടങ്ങിയവയില്‍ ശക്തമായ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കോപ്പര്‍ വ്യവസായത്തില്‍ നിന്നുള്ള വരുമാനവും ലാഭവിഹിതം വർദ്ധിപ്പിക്കുമെന്ന് കരുതുന്നു.
അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപകരിൽ നിന്നായി ക്യുഐപി വഴി ഈ വർഷം ആദ്യം കമ്പനി 4,200 കോടി രൂപ സമാഹരിച്ചിരുന്നു. കടപ്പത്രങ്ങളുടെ (എൻസിഡി) ആദ്യ പൊതു ഇഷ്യൂവിലൂടെ 800 കോടി രൂപയും സമാഹരിച്ചു. എയർപോർട്ട് ബിസിനസ് 1,950 കോടി രൂപയും റോഡ് ബിസിനസ് 1,124 കോടി രൂപയും എൻസിഡി ഇഷ്യുകളിലൂടെ സമാഹരിച്ചു.
എയർപോർട്ട് ബിസിനസിന് 1.87 ലക്ഷം കോടി രൂപയും റോഡ് ബിസിനസിന് 52,056 കോടി രൂപയും കൽക്കരി ബിസിനസിന് 29,855 കോടി രൂപയും ഡാറ്റാ സെൻ്റർ ബിസിനസിന് 11,003 കോടി രൂപയും ഓഹരി മൂല്യമാണ് വെഞ്ചുറ നല്‍കിയിരിക്കുന്നത്.
ഗ്രീൻ ഹൈഡ്രജൻ ബിസിനസിൻ്റെ മൂല്യം 1.86 ലക്ഷം കോടി രൂപയും കോപ്പര്‍ ബിസിനസിന്റെ മൂല്യം 27,442 കോടി രൂപയും എഫ്എംസിജിയുടെ മൂല്യം 47,775 കോടി രൂപയുമാണ്.