ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

അർധസൈനിക സേനകളിൽ അഗ്നിവീറുകൾക്ക് സംവരണം; കായിക പരീക്ഷകളിലും പ്രായത്തിലും ഇളവ് അനുവദിച്ചു

ന്യൂഡൽഹി: വിരമിച്ച അഗ്നിവീറുകൾക്ക് അർധസൈനിക സേനകളിൽ പത്തുശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സി.ഐ.എസ്.എഫ്., ബി.എസ്.എഫ്, എസ്.എസ്.ബി., ആർ.പി.എഫ്., സി.ആർ.പി.എഫ്. സേനകളിലെ കോൺസ്റ്റബിൾ തസ്തികയിലാണ് സംവരണം. ജോലിക്കായുള്ള കായിക പരീക്ഷകളിലും പ്രായത്തിലും ഇളവു നൽകുമെന്നും അർധസൈനിക സേനകളിലെ ഡയറക്ടർ ജനറലുമാർ വ്യാഴാഴ്ച അറിയിച്ചു.

അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്ന് പ്രതിപക്ഷവും വിമുക്ത സൈനികരും ആവശ്യപ്പെടുന്നതിനിടെയാണ് കേന്ദ്രം പുതിയ സംവരണ പദ്ധതി പ്രഖ്യാപിച്ചത്.

കായികപരീക്ഷ ഉണ്ടാകില്ല. ആദ്യ ബാച്ചിന് അഞ്ചുവർഷവും തുടർന്നുള്ള ബാച്ചുകൾക്ക് മൂന്നുവർഷവുമാണ് പ്രായപരിധിയിൽ ഇളവ്. ഇതനുസരിച്ച് നിയമനചട്ടങ്ങൾ ഭേദഗതിചെയ്യുമെന്ന് സി.ഐ.എസ്.എഫ്. ഡയറക്ടർ ജനറൽ നീന സിങ്, ബി.എസ്.എഫ്. ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, എസ്.എസ്.ബി. ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി, ആർ.പി.എഫ്. ഡയറക്ടർ ജനറൽ മനോജ് യാദവ്, സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിങ് എന്നിവർ അറിയിച്ചു.

നാലുവർഷ സേനാ പരിശീലനം ലഭിച്ചതിനാൽ അച്ചടക്കവും അർപ്പണബോധവുമുള്ള അഗ്നിവീറുകൾ അർധ സൈനിക സേനയ്ക്ക് മുതൽക്കൂട്ടാകുമെന്നും അറിയിച്ചു.

2022- ജൂൺ പതിന്നാലിനാണ് അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ചത്. സേവന കാലാവധി നാലുവർഷമാണ്. മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് സ്ഥിരനിയമനമുണ്ടായിരുന്നു. ആദ്യവർഷം ശമ്പളം 4.76 ലക്ഷംരൂപ. നാലാംവർഷം ഇത് 6.92 ലക്ഷംരൂപയാകും.

സേനകളിലെ സ്ഥിരനിയമനക്കാർക്കുള്ളതിന് സമാനമായ റിസ്ക് ആനുകൂല്യങ്ങളും ലഭിക്കും.

അഗ്നിവീറുകളെ അർധസൈനിക സേനയിലേക്ക് നിയമിക്കുമെന്ന് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് അർധസൈനിക വിഭാഗങ്ങളിലെ മേധാവികൾ പ്രതികരിക്കുന്നത് ആദ്യമായാണ്.

X
Top