
മുംബൈ: രാജ്യത്തെ ബാങ്കുകള്‍ക്ക് പണലഭ്യത (ലിക്വിഡിറ്റി) വര്‍ധിപ്പിക്കാന്‍ നീക്കവുമായി റിസര്‍വ് ബാങ്ക്. 1.9 ലക്ഷം കോടി രൂപ കൂടി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഇറക്കാനായി ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (ഒ.എം.ഒ), ഡോളര്‍-രൂപ മാറ്റിയെടുക്കല്‍ (സ്വാപ്) എന്നീ രണ്ട് മാര്‍ഗങ്ങളാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്.
ഒ.എം.ഒ പര്‍ച്ചേസ് വഴി രണ്ട് തവണയായി ഒരു ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ വാങ്ങും. 50,000 രൂപ വീതമുള്ള ലേലത്തിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 12നും രണ്ടാമത്തേത് മാര്‍ച്ച് 18നും നടക്കും.
ഇതൂകൂടാതെ ബാങ്കുകളില്‍ നിന്ന് ഡോളര്‍ വാങ്ങി പകരം രൂപ നല്‍കി ബാങ്കിംഗ് സംവിധാനത്തിലേക്ക് ഏകദേശം 90,000 കോടി രൂപയും (10 ബില്യണ്‍ ഡോളര്‍) കൊണ്ടു വരും. മാര്‍ച്ച് 24നാണ് ഡോളര്‍ രൂപ സ്വാപ് നടത്തുന്നത്. 36 മാസത്തിനു ശേഷം ഈ ഡോളര്‍ ആര്‍.ബി.ഐ ബാങ്കുകളില്‍ നിന്ന് തിരികെ വാങ്ങും.
കഴിഞ്ഞ് ജനുവരിയില്‍ പ്രഖ്യാപിച്ച 1.5 ലക്ഷം കോടി രൂപയ്ക്കും ഫെബ്രുവരി അവസാനം നടത്തിയ 86,000 കോടി രൂപയ്ക്കും പുറമെയാണ് 1.9 ലക്ഷം കോടി രൂപ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടു വരുന്നത്. പലിശ നിരക്ക് ഉയര്‍ന്ന് നിന്നിരുന്നത് ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത കുറച്ചിരുന്നു.
പണലഭ്യതയും വിപണി സാഹചര്യങ്ങളും നിരന്തരം നിരീക്ഷിക്കുമെന്നും പണലഭ്യത ഉറപ്പാക്കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഓരോ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദമായ നിര്‍ദേശങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കും.
മാര്‍ച്ച് മൂന്നിന് 1.1 ലക്ഷം കോടി രൂപയുടെ ലിക്വിഡിറ്റി കമ്മിയുണ്ടായിരുന്നത് മാര്‍ച്ച് നാലിന് 20,416.70 കോടി രൂപയായി കുറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം. 2024 നവംബര്‍ മുതല്‍ ബാങ്കിംഗ് സംവിധാനം ലിക്വിഡിറ്റി സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
ഇതിനകം തന്നെ പണലഭ്യത ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ടു. കൂടാതെ കഴിഞ്ഞ മാസം റിപ്പോ നിരക്കില്‍ കാല്‍ശതമാനം കുറവും വരുത്തിയിരുന്നു. 2024ന്റെ അവസാനം മുതല്‍ ഇതുവരെ മൂന്ന് ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് ഒഴുക്കിയത്. പക്ഷെ ഇപ്പോഴും ലിക്വിഡിറ്റി കമ്മി തുടരുകയാണ്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ വീണ്ടും ലിക്വിഡിറ്റിയെ ബാധിക്കും. മാര്‍ച്ച് അവസാനത്തോടെ ഒരു ലക്ഷം കോടി രൂപയെങ്കിലും ബാങ്കിംഗ് സംവിധാനത്തിലേക്ക് ഇറക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
പണലഭ്യത കുറയുന്നത് ബാങ്കുകളുടെ വായ്പ നല്‍കാനുള്ള ശേഷിയെ ബാധിക്കും. മാത്രമല്ല വായപകള്‍ കൂടുതല്‍ ചെലവേറിയതാക്കുകയും ചെയ്യും. ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ വാങ്ങികൊണ്ട് റിസര്‍വ് ബാങ്ക് ബാങ്കിംഗ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമിറക്കുമ്പോള്‍ ബാങ്കുകളുടെ കൈവശം വായ്പ നല്‍കാനുള്ള തുക കൂടും.
വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍തുക വായ്പ ലഭ്യമാക്കാനുമാകും. കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പകളും കാര്‍ വായ്പകളും ബിസിനസ് വായ്പകളും നല്‍കാനും ബാങ്കുകള്‍ക്ക് സാധിക്കും.
വിപണിയില്‍ കൂടുതല്‍ പണം എത്തുന്നതോടെ സ്‌റ്റോക്ക് മാര്‍ക്കറ്റ് പോലുള്ള മേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും ലഭിക്കും.