രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കും

കൊച്ചി: ബാങ്കിങ് മേഖലയുടെ പണ ലഭ്യതയിൽ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങൾക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താൽക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.

ബാങ്കുകളുടെ കരുതൽ ധന അനുപാതത്തിൽ (സിആർആർ) 0.25 ശതമാനമെങ്കിലും കുറവു വരുത്തുക കൂടി ചെയ്‌താൽ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും അവർ നിർദേശിക്കുന്നു.
നവംബറിൽ 1.35 ലക്ഷം കോടി രൂപയുടെ അധിക പണ ലഭ്യതയാണു ബാങ്കിങ് മേഖലയിലുണ്ടായിരുന്നത്. എന്നാൽ ഡിസംബറിൽ അനുഭവപ്പെട്ടത് 65,000 കോടിയുടെ കമ്മിയാണ്.

ജനുവരിയിൽ കമ്മി 2.07 ലക്ഷം കോടിയായി. കഴിഞ്ഞ മാസം അവസാനത്തെ കണക്കു പ്രകാരം കമ്മി 1.59 ലക്ഷം കോടി രൂപയായിരുന്നു. ​ഇക്കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു കമ്മി 55,000 കോടി മാത്രമാണെങ്കിലും ആദായ നികുതിയുടെ മുൻകൂർ തവണ, ജിഎസ്‌ടി എന്നീ ആവശ്യങ്ങൾക്കായി ഈ മാസം വൻ തുക പിൻവലിക്കപ്പെടുമെന്നതിനാൽ കമ്മി ഭീമമായി വർധിക്കും.

ഇതു പരിഗണിച്ചാണു 12 – 24 തീയതികൾക്കിടയിൽ 1.87 ലക്ഷം കോടി രൂപ ബാങ്കിങ് മേഖലയ്‌ക്കു ലഭ്യമാക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുള്ളത്.

ബാങ്കുകൾ നിക്ഷേപത്തിന് ആനുപാതികമായി ആർബിഐയിൽ സൂക്ഷിക്കേണ്ട കരുതൽ ധനം നിലവിൽ നാലു ശതമാനമാണ്. ഇതു 3.75 ശതമാനമായി കുറച്ചാൽ പണലഭ്യത മെച്ചപ്പെടും.

എന്നാൽ രൂപയുടെ വില സ്‌ഥിരത ലക്ഷ്യമിട്ടു ഡോളർ വിൽപന തുടരേണ്ടി വന്നാൽ നില തുടർന്നും പരുങ്ങലിലായിരിക്കും. ​കരുതൽ ധന അനുപാതത്തിൽ കുറവു വരുത്തുക എന്ന നിർദേശം ഏതാനും ദിവസം മുൻപ് എസ്ബിഐയുടെ ഗവേഷണ റിപ്പോർട്ടിലും ഉന്നയിക്കപ്പെട്ടിരുന്നു. ​

നീണ്ട ഇടവേളയ്‌ക്കു ശേഷം ആർബിഐ കഴിഞ്ഞ മാസം വായ്‌പാ നിരക്കിൽ 0.25% കുറവു വരുത്തുകയുണ്ടായെങ്കിലും നിരക്കിളവിന്റെ ആനുകൂല്യം എല്ലാ ബാങ്കുകളും ഇടപാടുകാർക്ക് അനുവദിച്ചുകൊടുത്തിട്ടില്ല.

X
Top