
കാനഡയിലെ പുതിയ ഇന്റർനാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഭാഗമായി എജ്യുക്കേഷൻ ഏജൻറുമാരുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.
ആഗോളതലത്തിൽ മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനുള്ള മികവ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
കാനഡയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയോഗിച്ചിരുന്ന ഏജന്റുമാർ അനഭിലഷണീയവും അൺ എത്തിക്കലുമായ ചില ഇടപെടലുകൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യം പുതിയ എഡ്യൂക്കേഷൻ സ്ട്രാറ്റജിയുടെ പരിഗണനയ്ക്ക് വിധേയമാകുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന ചില ടിവി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തിയത് ഇന്ത്യൻ ഏജന്റുമാർ ആണെന്നാണ്. ഗ്രാജുവേഷനു ശേഷം വളരെ എളുപ്പത്തിൽ പിആർ ലഭ്യമാകും എന്ന വ്യാജ വാഗ്ദാനം ഇത്തരം ഏജന്റുമാർ വിദ്യാർത്ഥികൾക്ക് നൽകിയെന്നാണ് വിവരം.
വിഷയത്തെ വിശദമായി പഠിച്ചതിനു ശേഷം ഏജന്റുമാർക്കിടയിൽ സെൽഫ് റെഗുലേഷൻ പ്രോട്ടോകോൾ നടപ്പാക്കാൻ കഴിയുമോ എന്നു പരിശോധിക്കുന്നുണ്ട്.
അതിനു സാധിച്ചില്ലെങ്കിൽ കോളേജ് ഓഫ് ഇമിഗ്രേഷൻ പോലുള്ള റെഗുലേറ്ററി ഏജൻസികളുടെ നിയന്ത്രണത്തിനു കീഴിൽ കൊണ്ടുവരാനും ‘ഗ്ലോബൽ അഫയേഴ്സ് കാനഡ’ക്ക് പദ്ധതിയുണ്ട്. അഗ്രഗേറ്റർമാർക്ക് കീഴിലുള്ള സബ് ഏജന്റുമാരെയും ഇത്തരത്തിൽ വിലയിരുത്തും.
2024 ഏപ്രിൽ മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഇൻറർനാഷണൽ എജ്യുക്കേഷൻ സ്ട്രാറ്റജിയിൽ വൈവിധ്യവൽക്കരണത്തിന് (ഡൈവേഴ്സിഫിക്കേഷൻ) മുന്തിയ പരിഗണനയാണ് രാജ്യം നൽകുന്നത്.
കോഴ്സ് പ്രോഗ്രാമുകൾ, സ്റ്റഡി ലെവലുകൾ, രാജ്യത്തിനുള്ളിലെ വിവിധ ലൊക്കേഷനുകൾ, വിദ്യാർത്ഥികൾ വരുന്ന രാജ്യങ്ങൾ തുടങ്ങി വിവിധ ഘടകങ്ങളിൽ വൈവിധ്യവത്കരണം ലക്ഷ്യമിടുന്നു.
അതേസമയം കനേഡിയൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള എജ്യക്കേഷൻ ഏജന്റുമാരും പ്രധാന റോൾ വഹിക്കുന്നതായി ഗ്ലോബൽ അഫയേഴ്സ് കാനഡ അധികൃതർ വിശദീകരിച്ചു.