കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകർന്ന് ജനുവരിയിൽ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു.
ഡിസംബറിൽ നാണയപ്പെരുപ്പം 5.69 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന ആറ് ശതമാനത്തിൽ താഴെയാണിത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കുറവാണ് പ്രധാനമായും ഗുണമായത്. പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില അവലോകന കാലയളവിൽ കുറഞ്ഞു.
നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാലാണ് ഫെബ്രുവരിയിലെ ധന അവലോകന നയത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ തയ്യാറാവാതിരുന്നത്.