ന്യൂഡല്‍ഹി: രാജ്യത്തെ ചെറുകിട പണപ്പെരുപ്പം ജൂലൈയില്‍ 6.7 ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഭക്ഷ്യവിലകളുടെ താഴ്ചയാണ് പ്രധാനമായും , പണപ്പെരുപ്പ നിരക്ക് കുറയ്ക്കുക.
ഉപഭോക്തൃ കാര്യ വകുപ്പില്‍ നിന്നുള്ള ഡാറ്റ പ്രകാരം, ആറ് ഭക്ഷ്യ എണ്ണകളുടെ വിലയില്‍ കഴിഞ്ഞമാസം കുറവ് വന്നിട്ടുണ്ട്. 0.4 ശതമാനം മുതല്‍ 6.4 ശതമാനം വരെയാണ് ഇടിവ്. ഭൂരിഭാഗം പയര്‍വര്‍ഗങ്ങളുടെ വിലയിലും കുറവുണ്ടായി. പരിപ്പ്, ഉലുവ എന്നിവയുടെ വില യഥാക്രമം 1.1 ശതമാനവും 0.2 ശതമാനവും ഉയര്‍ന്നപ്പോള്‍, ചെറുപയര്‍, പയര്‍, മസൂര്‍ പരിപ്പ് എന്നിവയുടെ വില 0.2-0.4 ശതമാനം ഇടിഞ്ഞു.
പച്ചക്കറികളില്‍, ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും വില യഥാക്രമം 6 ശതമാനവും 5.8 ശതമാനവും വര്‍ദ്ധിച്ചു. അതേസമയം, തക്കാളി വില 24.2 ശതമാനം കുറഞ്ഞു. മൊത്തത്തില്‍, ഭക്ഷ്യ-പാനീയ വിലവര്‍ദ്ധന 6.6 ശതമാനമായി കുറയുമെന്ന് ബാര്‍ക്ലേസിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോറിയ പറഞ്ഞു.
ജൂണില്‍ ഇത് 7.56 ശതമാനമായിരുന്നു. മുംബൈ നഗരത്തിലൊഴിച്ച് രാജ്യമെമ്പാടും പെട്രോള്‍, ഡീസല്‍ വില സ്ഥിരമായി തുടര്‍ന്നു. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ നികുതി കുറച്ചതിനെത്തുടര്‍ന്ന് മുംബൈയില്‍ പെട്രോള്‍ വില 2.4 ശതമാനവും ഡീസല്‍ വില 1.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ഭക്ഷണവും ഇന്ധനവുമൊഴിച്ചുള്ള പണപ്പെരുപ്പ നിരക്ക് ഏതാണ്ട് സ്ഥിരമായിരിക്കുമെന്നും സര്‍വേ പറയുന്നു. സര്‍വേ നടത്തിയ സ്ഥാപനങ്ങളായ എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, നൊമൂറ, ഇക്ര, ഡോയിഷ് ബാങ്ക്, ബാര്‍ക്ലേയ്‌സ്, ഇന്‍ഡസഇന്‍ഡ് ബാങ്ക് 6.5-6.7 ശതമാനം പണപ്പെരുപ്പ നിരക്കാണ് പ്രവചിക്കുന്നത്.
ജൂണ്‍ പണപ്പെരുപ്പ നിരക്ക് ഔദ്യോഗികമായി പുറത്തുവിടുന്നത് ഓഗസ്റ്റ് 12 നാണ്. അന്നു തന്നെ വ്യാവസായികോത്പാദന കണക്കുകളും പുറത്തുവരും.