![](https://www.livenewage.com/wp-content/uploads/2023/01/inflation-pti1.jpg)
ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ 6.52 ശതമാനമായി വര്‍ധിച്ചു. ഡിസംബര്‍ മാസത്തെ 1 വര്‍ഷത്തെ കുറഞ്ഞ നിരക്കായ 5.72 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. ഫെബ്രുവരി 13 ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ തോതിലാണ് പണപ്പെരുപ്പം. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 6.1 ശതമാനമായിരുന്നു ജനുവരിയിലെ പണപ്പെരുപ്പ അനുമാനം. രണ്ട്മാസത്തിനു ശേഷമാണ് പണപ്പെരുപ്പം 6 ശതമാനം ഭേദിക്കുന്നത്.
തുടര്‍ച്ചയായ 10 മാസങ്ങളില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്റായ 6 ശതമാനത്തില്‍ കൂടുതലായ ശേഷം സിപിഐ പണപ്പെരുപ്പം നവംബര്‍,ഡിസംബര്‍, മാസങ്ങളില്‍ ഇടിവ് നേരിട്ടിരുന്നു. യഥാക്രമം 5.88 ശതമാനവും 5.72 ശതമാനവുമായിരുന്നു ഈ മാസങ്ങളിലെ പണപ്പെരുപ്പം.
ജനുവരിയിലെ ഉയര്‍ച്ചയോടെ തുടര്‍ച്ചയായ 40 മാസമായി പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തില്‍ കൂടുതലായി. ഭക്ഷ്യവിലയിലെ വര്‍ദ്ധനവാണ് മൊത്തം ചെറുകിട പണപ്പെരുപ്പത്തെ ഉയര്‍ത്തിയത്.
5.94 ശതമാനമായാണ് ജനുവരിയില്‍ ഭക്ഷ്യവില കൂടിയത്. ഡിസംബറിലിത് 4.19 ശതമാനമായിരുന്നു. അതേസമയം അടിസ്ഥാനമായി എടുത്ത കണക്കുകളുടെ ആനുകൂല്യമില്ലാതെയാണ് വര്‍ദ്ധനവ് എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.
ഭക്ഷണത്തിനുള്ളില്‍ ധാന്യവിലയാണ് കൂടിയത്. ഡിസംബറിനെ അപേക്ഷിച്ച് 2.6 ശതമാനം ഉയര്‍ച്ച. മാംസം, മത്സ്യം, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വിലയും ഉയര്‍ന്നു.
എണ്ണവിലയും പച്ചക്കറി വിലയും താഴ്ന്നു. തുണിത്തരങ്ങള്‍, പാദരക്ഷകള്‍ 0.4 ശതമാനവും ഭവന വില 0.8 ശതമാനവും കൂടിയപ്പോള്‍ ഇന്ധനം, വെളിച്ചം എന്നിവ മാറ്റമില്ലാതെ തുടര്‍ന്നു.