മുംബൈ: 2024 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ 53 പൊതുമേഖലാ കമ്പനികളിലെ ചില്ലറ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത വര്‍ധിച്ചു. ഇതില്‍ 33 പൊതുമേഖലാ ഓഹരികളുടെ വില അടിസ്ഥാന സൂചികയായ നിഫ്‌റ്റിയേക്കാള്‍ മുന്നേറ്റം നടത്തി.
ഒന്‍പത് മാസ കാലയളവില്‍ നിഫ്‌റ്റി 13 ശതമാനം ഉയര്‍ന്നപ്പോള്‍ ചില്ലറ നിക്ഷേപകര്‍ ഉടമസ്ഥത വര്‍ധിപ്പിച്ച 33 പൊതുമേഖലാ കമ്പനികളുടെ ഓഹരി കള്‍ വില 14 ശതമാനം മുതല്‍ 150 ശതമാനം വരെയാണ് മുന്നേറിയത്.
രണ്ട് ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള ഓഹരികള്‍ കൈവശം വെക്കുന്നവരെയാണ് ചില്ലറ നിക്ഷേപകര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഭാരത് ഡയനാമിക്‌സ് ആണ് ചില്ലറ നിക്ഷേപകര്‍ ഓഹരി ഉടമസ്ഥത ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച പൊതുമേഖലാ കമ്പനി.
11.71 ശതമാനമാണ് ഈ കമ്പനിയിലെ ചില്ലറ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത. ഇത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് 6.47 ശതമാനമായിരുന്നു. ഉയര്‍ന്ന നേട്ടം നല്‍കിയ പൊതുമേഖലാ ഓഹരി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആണ്.
150 ശതമാനമാണ് 2024 ജനുവരി മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ ഈ ഓഹരിയുടെ വില ഉയര്‍ന്നത്. ഈ കമ്പനിയിലെ ചില്ലറ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത 14.12 ശതമാനത്തില്‍ നിന്നും 16.73 ശതമാനമായി ഉയര്‍ന്നു.
ബിഇഎംഎല്ലില്‍ 18.02 ശതമാനവും എന്‍എച്ച്‌പിസിയില്‍ 9.45 ശതമാനവും ഓഹരി ഉടമസ്ഥത ചില്ലറ നിക്ഷേപകര്‍ക്കുണ്ട്.
ഭാരത് ഇലക്‌ട്രോണിക്‌സ്, ഹഡ്‌കോ, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഐആര്‍എഫ്‌സി, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, നാഷണല്‍ അലൂമിനിയം, പിഎഫ്‌സി, പിഎന്‍ബി, ആര്‍ഇസി, റൈറ്റ്‌സ്, എസ്‌ജെവിഎന്‍ എന്നിവയാണ് ചില്ലറ നിക്ഷേപകര്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടിയ മറ്റു ചില പ്രമുഖ പൊതുമേഖലാ ഓഹരികള്‍.
പൊതുമേഖലയില്‍ നിന്നുള്ള അഞ്ച് നിഫ്‌റ്റി ഓഹരികളിലും അവരുടെ ഉടമസ്ഥത വര്‍ധിച്ചു. എസ്‌ബിഐ, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയിലാണ് ചില്ലറ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയത്.