
മുതിർന്ന പൗരൻമാർക്കായി ‘ന്യൂ ഇന്നിങ്സ്’ എന്ന പുതുമയാർന്ന പദ്ധതിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുതിർന്ന പൗരന്മാമാരുടെ പണം, അനുഭവസമ്പത്ത്, അറിവ് എന്നിവ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
56–60 വയസിൽ റിട്ടയർ ചെയ്താലും അധ്വാനിക്കാനുള്ള മനസും ആരോഗ്യവുമുള്ളവർ ഇന്ന് ഏറെയാണ്. മാത്രമല്ല, ജോലി ചെയ്തിരുന്ന മേഖലയിൽ അവർക്കുള്ള അറിവും വൈദഗ്ധ്യവും അനുഭവസമ്പത്തും അതോടെ ഉപയോഗപ്പെടാതെ പോകുന്ന സ്ഥിതിയാണ് നിലവിലുളളത്.
ഇത്തരക്കാരിൽ ചിലരുടെയെങ്കിലും കൈവശം നിക്ഷേപത്തിന് പണവും ഉണ്ടാകും. ഇതെല്ലാം അവർക്കും സമൂഹത്തിനും കൂടുതൽ ഉപയോഗപ്രദമായി വിനിയോഗിക്കാൻ അവസരം ഒരുക്കുന്നതാകും പദ്ധതി.
കേരളത്തിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവരുടെ ജീവിതത്തിനു പുതിയ മാനവും അർത്ഥവും പകരാൻ ഈ പുതിയ ഇന്നിങ്സിലൂടെ കഴിയുമെന്നു പ്രതീക്ഷിക്കാം. പദ്ധതി സംബന്ധിച്ച വിശാദംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും.