കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യ സാഹചര്യം ശക്തമായതോടെ ഇന്ത്യയിലെ മുൻനിര ഐ. ടി കമ്പനികൾ കനത്ത തിരിച്ചടി നേരിടുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളായ ടി. സി. എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയവയുടെ ലാഭത്തിലും വരുമാനത്തിലും പ്രതീക്ഷിച്ച വരുമാനം നേടാനായില്ല.
ഏറ്റവും വലിയ ഐ. ടി കമ്പനിയായ ടി. സി. എസിന്റെ അറ്റാദായം അവലോകന കാലയളവിൽ ഒൻപത് ശതമാനം വർദ്ധിച്ച് 12,434 കോടി രൂപയിലെത്തിയെങ്കിലും പ്രമുഖ ഗവേഷണ ഏജൻസികളായ ബ്ളൂംബർഗ് ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല.
മൊത്തം വരുമാനത്തിൽ കേവലം മൂന്ന് ശതമാനം വർദ്ധന മാത്രമാണ് മാർച്ച് പാദത്തിൽ നേടാനായത്. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള പുതിയ ബിസിനസ് കരാർ ഒപ്പുവെക്കാനായതാണ് കമ്പനിക്ക് നേട്ടമായത്.
നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വളർച്ച മുന്നോട്ടുകൊണ്ടുപോകാനാണ് ടി. സി. എസ് ലക്ഷ്യമിടുന്നത്.
രണ്ടാമത്തെ വലിയ ഐ. ടി കമ്പനിയായ ഇൻഫോസിസിന്റെ അറ്റാദായത്തിൽ മികച്ച വർദ്ധന ദൃശ്യമായെങ്കിലും വാർഷിക അവലോകനം നിരാശപ്പെടുത്തി. ഇതോടെ ഇന്നലെ ഇൻഫോസിസിന്റെ ഓഹരി വിലയിൽ കനത്ത ഇടിവുണ്ടായി.
അടുത്ത വർഷങ്ങളിൽ പ്രതീക്ഷിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കമ്പനി ഇന്നലെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതോടൊപ്പം വരുമാനത്തിൽ അനലിസ്റ്റുകൾ പ്രതീക്ഷിച്ച വർദ്ധന നേടാനായില്ല. പുതിയ കരാറുകൾ അധികമായി ലഭിച്ചെങ്കിലും മാർജിൻ കുറയുമെന്നാണ് അവരുടെ വിലയിരുത്തൽ.
പ്രമുഖ ഐ. ടി കമ്പനിയായ വിപ്രോയുടെ പ്രവർത്തന ഫലം നിക്ഷേപകരെ പൂർണമായും നിരാശപ്പെടുത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വിപ്രോയുടെ അറ്റാദായം എട്ട് ശതമാനം കുറഞ്ഞ് 2,835 കോടി രൂപയിലെത്തി. മൊത്തം വരുമാനം 4.2 ശതമാനം കുറഞ്ഞ് 22,208.3 കോടി രൂപയായി.
ഉയർന്ന പലിശ നിരക്ക് വെല്ലുവിളി
അമേരിക്കയിലും യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലും വായ്പകളുടെ പലിശ റെക്കാഡ് ഉയരത്തിൽ തുടരുന്നതാണ് ഇന്ത്യൻ ഐ. ടി കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
വിപണിയിലെ പണ ലഭ്യത കുറഞ്ഞതും ഉയർന്ന നാണയപ്പെരുപ്പവും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറച്ചതോടെ മാന്ദ്യ സഹചര്യം ശക്തമാണ്. ഇതോടെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾ ചെലവ് ചുരുക്കൽ ശക്തമാക്കി.
ഐ. ടി മേഖലയ്ക്കുള്ള വിഹിതത്തിലാണ് വലിയ കുറവുണ്ടായത്.
കമ്പനികൾ അറ്റാദായം
ടി. സി. എസ് 12,434 കോടി രൂപ
ഇൻഫോസിസ് 7,969 കോടി രൂപ
വിപ്രോ 2,835 കോടി രൂപ