- ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനുള്ള ടിസിഎസ് വേണ്ടെന്ന് വച്ചു
ദില്ലി: വിദേശത്തേക്ക് പണമയക്കുന്നതിന് കൊണ്ടുവന്ന പുതുക്കിയ നികുതി സമ്പ്രദായം നടപ്പാക്കുന്നത് ഒക്ടോബർ 1 വരെ നീട്ടി. ജൂലൈ 1 മുതൽ നടപ്പാക്കാനായിരുന്നു ആലോചന. പൊതുജനങ്ങളുടെ ബുദ്ധിമുട്ടും, വിദഗ്ധ അഭിപ്രായവും പരിഗണിച്ചാണ് നീട്ടിവച്ചത്. ചില വ്യവസ്ഥകൾ ഒഴിവാക്കുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിനുള്ള ടിസിഎസ് വേണ്ടെന്ന് വച്ചു. വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് വിദേശത്തേക്ക് 2.5 ലക്ഷം ഡോളർ വരെ അയക്കാൻ അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലാണ് ഈ നികുതി വ്യവസ്ഥ നടപ്പാക്കിയത്.
രാജ്യാന്തര ക്രെഡിറ്റ് കാർഡുകളുടെ വിദേശ ഉപയോഗത്തിനും ചെലവുകൾക്കുമുള്ള ടിസിഎസ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. ബാങ്കുകൾ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റം വരുത്താൻ സമയം ചോദിച്ചിരുന്നു. രാജ്യാന്തര ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണ വിനിയോഗത്തിന് 7 ലക്ഷത്തിന് മുകളിൽ ടിസിഎസ് ചുമത്താനായിരുന്നു തീരുമാനം. ഇത് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു.
പുതുക്കിയ വ്യവസ്ഥയിൽ വിദേശ ടൂർ പാക്കേജുകൾക്ക് ഒഴികെ എൽആർഎസ് സ്കീമിന് കീഴിൽ ഇന്ത്യക്ക് പുറത്തേക്ക് പണം അയക്കുമ്പോൾ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കണക്കാക്കാതെ 7 ലക്ഷം രൂപ വരെ ടിസിഎസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.