ന്യൂഡൽഹി: പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം ചുങ്കം ചുമത്തി കേന്ദ്ര സർക്കാർ. കയറ്റുമതിത്തോത് വർധിച്ച സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെയാണു കേന്ദ്ര നടപടി. ഇതു സംബന്ധിച്ചു ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒക്ടോബർ 15 വരെയാണു ചുങ്കം പ്രാബല്യത്തിലുണ്ടാകുക. കയറ്റുമതിച്ചുങ്കം അടിയന്തരമായി പ്രാബല്യത്തിൽ വന്നെങ്കിലും മുമ്പ് കരാറുണ്ടാക്കിയവർക്ക് ഒക്ടോബർ 15 വരെ ചുങ്കം നൽകാതെ ചരക്ക് കയറ്റി അയയ്ക്കാം.
ഇതിനു പുറമേ, ബസ്മതി അരിയുടെ കയറ്റുമതിക്കും തടയിടാൻ കേന്ദ്രം നീക്കം നടത്തുന്നുണ്ട്. ടണ്ണിന് 1200 ഡോളർ എന്ന നിരക്കിൽ മിനിമം കയറ്റുമതി നിരക്ക് ഏർപ്പെടുത്താനാണു കേന്ദ്രശ്രമം.
ഇതു സംബന്ധിച്ചു സെക്രട്ടറിതല സമിതി തീരുമാനം കൈക്കൊണ്ടതായാണു സൂചന. സ്വാതന്ത്യദിന പ്രസംഗത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
കയറ്റുമതിക്കു നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തരവിപണിയിൽ ലഭ്യത വർധിപ്പിക്കാമെന്നും വില കുറയ്ക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു.