മുംബൈ: മെട്രോ ക്യാഷ് ആൻഡ് കാരിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും ആസ്തികളും ഏറ്റെടുക്കാൻ റിലയൻസ് റീട്ടെയിൽ ഏകദേശം 5,600 കോടി രൂപയുടെ നോൺ-ബൈൻഡിംഗ് ബിഡ് സമർപ്പിച്ചിട്ടുണ്ടെന്ന് വികസനത്തെക്കുറിച്ച് അറിയാവുന്ന അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേസമയം തായ്‌ലൻഡിലെ ഏറ്റവും വലിയ കൂട്ടായ്‌മയായ ചാരോൻ പോക്‌ഫണ്ട് (സിപി) ഗ്രൂപ്പ് സ്ഥാപനത്തിനായി ഏകദേശം 8,000 കോടി രൂപയുടെ ബിഡ് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മെട്രോ ഇന്ത്യ മർച്ചന്റ് ബാങ്കർമാരുടെ സാന്നിധ്യത്തിൽ കമ്പനിയുടെ പ്രകടനത്തെയും വളർച്ചാ സാധ്യതയെയും കുറിച്ച് രണ്ട് ലേലക്കാരിൽ നിന്നുള്ള പ്രതിനിധികൾക്ക് വിശദമായ അവതരണങ്ങൾ നൽകിയതായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ജെപി മോർഗനും ഗോൾഡ്‌മാൻ സാക്‌സുമാണ് സ്ഥാപനത്തിന്റെ മർച്ചന്റ് ബാങ്കർമാർ. മെട്രോ ക്യാഷ് & കാരി ഇന്ത്യയുടെ മൂല്യം ഏകദേശം 1 ബില്യൺ ഡോളറാണ്. വിൽപ്പനയുമായി ബന്ധപ്പെട്ട അന്തിമ ബൈൻഡിംഗ് ബിഡുകൾ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാനാണ് സാധ്യത.
മെട്രോ ക്യാഷ് & കാരി ഇന്ത്യ 2021 സാമ്പത്തിക വർഷത്തിൽ 6,738.3 കോടി രൂപയുടെ വിൽപ്പന നടത്തിയിരുന്നു. ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള സാമ്പത്തിക വർഷമാണ് കമ്പനി പിന്തുടരുന്നത്. ഇന്ത്യയിലെ കമ്പനിയുടെ 31 മൊത്തവ്യാപാര സ്റ്റോറുകളിൽ ഏഴെണ്ണം മെട്രോയുടെ ഉടമസ്ഥതയിലുള്ളതും ബാക്കിയുള്ളവ പാട്ടത്തിനെടുത്തതുമാണ്.