മുംബൈ: പെട്രോകെമിക്കൽ ബിസിനസിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. പിടിഎ പ്ലാന്റ് സ്ഥാപിക്കുക, പോളിസ്റ്റർ കപ്പാസിറ്റി വികസിപ്പിക്കുക, വിനൈൽ ചെയിനിന്റെ ശേഷി മൂന്നിരട്ടി വർദ്ധിപ്പിക്കുക, യുഎഇയിലെ കെമിക്കൽ യൂണിറ്റ് എന്നിവയിലായിരിക്കും പുതിയ നിക്ഷേപമെന്ന് 45-ാമത് എജിഎമ്മിൽ അംബാനി പറഞ്ഞു.
ടെലികോം, റീട്ടെയിൽ, ന്യൂ എനർജി എന്നിവയിലെ വൈവിധ്യവൽക്കരണത്തിൽ ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സമയത്ത് ഒ2സി മേഖലയിലുള്ള റിലയൻസിന്റെ പ്രതിബദ്ധതയെ പ്രഖ്യാപനം സൂചിപ്പിക്കുന്നു.
തങ്ങളുടെ O2C ബിസിനസിനെ സംബന്ധിച്ചിടത്തോളം 2022 എന്നത് മികച്ച പ്രകടനത്തിന്റെ മറ്റൊരു വർഷമായിരുനെന്നും, വാർഷിക വരുമാനത്തിലെ ഇതിന്റെ സംഭാവന 5 ലക്ഷം കോടിയിൽ അധികമാണെന്നും മുകേഷ് അംബാനി പറഞ്ഞു. കൂടാതെ ഉൽപ്പാദനം 9 മടങ്ങ് കുതിച്ചുയരുകയും വരുമാനം 1 ബില്യൺ ഡോളർ കടക്കുകയും ചെയ്‌ത അതിശയകരമായ വഴിത്തിരിവിന് ഓയിൽ ആൻഡ് ഗ്യാസ് ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.