കൊച്ചി: ദക്ഷിണ റെയിൽവേയിൽ നിന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനായി 361.18 കോടി രൂപ മൂല്യമുള്ള പുതിയ ബിസിനസ് ഓർഡർ നേടിയതായി അറിയിച്ച് ആർഐടിഇഎസ്. കമ്പനിയുടെ സംയുക്ത സംരംഭത്തിനാണ് ഓർഡർ ലഭിച്ചത്.
ഓർഡർ ലഭിച്ച വാർത്തയെ തുടർന്ന് ആർഐടിഇഎസ് ഓഹരികൾ 2.50 ശതമാനത്തിന്റെ മുന്നേറ്റം നടത്തി 296.90 രൂപയിലെത്തി. ഓർഡറിലെ റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിന്റെ (RITES) പങ്ക് 51 ശതമാനം ആണെന്നും, ഇതിന്റെ മൂല്യം ഏകദേശം 184 കോടി രൂപയാണെന്നും മിനിരത്‌ന കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഒരു മിനിരത്‌ന (കാറ്റഗറി I) ഷെഡ്യൂൾ ‘എ’ പൊതുമേഖലാ സംരംഭവും, ഇന്ത്യയിലെ ട്രാൻസ്‌പോർട്ട് കൺസൾട്ടൻസി, എഞ്ചിനീയറിംഗ് മേഖലകളിലെ മുൻനിര കമ്പനിയുമാണ് ആർഐടിഇഎസ്. വിദേശത്ത് റോളിംഗ് സ്റ്റോക്ക് നൽകുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ ഏക കയറ്റുമതി വിഭാഗമാണ് കമ്പനി. കമ്പനിയുടെ 72.2% ഓഹരി ഇന്ത്യാ ഗവൺമെന്റിന്റെ കൈവശമാണ്.