അബുദാബി: ആഗോള പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ രംഗത്തെ ഏറ്റവും വലിയ സേവന ദാതാക്കളിലൊന്നാകാനുള്ള സുപ്രധാന ചുവടുവയ്പ്പുമായി മലയാളി നേതൃത്വത്തിലുള്ള റെസ്പോൺസ് പ്ലസ് ഹോൾഡിങ്‌സ് (ആർപിഎം).
യുദ്ധ മേഖലകളിലേതടക്കം അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന യുകെ കമ്പനി പ്രോമിത്യൂസ് മെഡിക്കലിന്റെ തന്ത്രപരമായ ഏറ്റെടുക്കൽ ആർപിഎം പ്രഖ്യാപിച്ചു.
നൂതന എമർജൻസി മെഡിക്കൽ സാങ്കേതികവിദ്യകളും പ്രത്യേക പരിശീലനവും നൽകുന്ന സേഫ്‌ഗാർഡ് മെഡിക്കലിന്റെ ഭാഗമായിരുന്നു പ്രൊമിത്യൂസ്.
പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപിച്ച റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ് പിജെഎസ്‌സിയുടെ ഭാഗമാണ് ആർപിഎം. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി യുഎഇയിലെയും സൗദി അറേബ്യയിലെയും ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ മെഡിക്കൽ സേവന ദാതാവാണ്.
അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകുന്ന ആഗോള കമ്പനിയാണ് പ്രോമിത്യൂസ് മെഡിക്കൽ. രണ്ട് പ്രമുഖ ആരോഗ്യ സേവനദാതാക്കളെ ഒരുമിപ്പിക്കുന്ന ഏറ്റെടുക്കൽ പ്രതിരോധ, എണ്ണ-വാതക മേഖലകളിലെ പ്രധാന കമ്പനികൾക്ക് സമഗ്ര മെഡിക്കൽ കവറേജ് ലഭ്യമാക്കാൻ ആർപിഎമ്മിന് വഴിയൊരുക്കും.
എണ്ണ-വാതക വ്യാവസായിക മേഖലകൾക്കായി 500 ക്ലിനിക്കുകൾ നടത്തുന്ന ആർപിഎം നിലവിൽ അഡ്‌നോക്, ഓക്സി, ടോട്ടൽ, ഹാലിബർട്ടൺ തുടങ്ങിയ കമ്പനികളുടെ സേവനദാതാവാണ്. യുകെ മിലിട്ടറി, റോയൽ ഫ്ലൈറ്റ് ഓഫ് ഒമാൻ, യുകെ സെക്യൂരിറ്റി, ഡിഫൻസ്, എൻഎച്ച്എസ് തുടങ്ങിയ കമ്പനികൾക്കൊപ്പം പ്രതിരോധ മേഖലയിലെ നിരവധി സ്ഥാപനങ്ങൾക്കും പ്രോമിത്യൂസ് സേവനങ്ങൾ പ്രദാനം ചെയ്യുന്നു.
കമ്പനി ഏറ്റെടുത്തതിലൂടെ അടിയന്തര മെഡിക്കൽ സേവനങ്ങൾക്കുള്ള ശേഷി വർദ്ധിപ്പിക്കാനും ഊർജ്ജ, പ്രതിരോധ കമ്പനികൾക്കുള്ള വിദൂര ആരോഗ്യസേവനങ്ങൾ, വിഐപികളുടെ മെഡിക്കൽ കവറേജ് എന്നീ മേഖലകളിലേക്ക് സേവനങ്ങൾ വ്യാപിക്കാനും ആർപിഎമ്മിന് കഴിയും.
യുകെ, നോർഡിക് മേഖലകളിലേക്കുള്ള ആർപിഎമ്മിന്റെ വിപണി പ്രവേശനം ത്വരിതപ്പെടുത്തുന്നതാണ് സുപ്രധാന ഏറ്റെടുക്കലെന്ന് റെസ്‌പോൺസ് പ്ലസ് മെഡിക്കൽ സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.
ആഗോളതലത്തിലെ മുൻനിര ഊർജ്ജ-പ്രതിരോധ സ്ഥാപനങ്ങളുടെ ആരോഗ്യ സേവന, പരിശീലന ദാതാവായി മാറുകയാണ് ഗ്രൂപ്പിന്റെ ലക്‌ഷ്യം.
യുഎസ് ആസ്ഥാനമായുള്ള സേഫ്‌ഗാർഡ് മെഡിക്കലിന്റെ നൂതന ട്രോമ കെയർ, സിമുലേഷൻ ഉൽപ്പന്നങ്ങളുടെ ജിസിസിയിലെയും ഇന്ത്യയിലെയും വിതരണാവകാശവും ആർപിഎമ്മിന് ലഭിക്കും.