കോട്ടയം: റബർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. ഒരുവർഷം നീളുന്ന ആഘോഷങ്ങൾ 18ന് രാവിലെ പത്തിന് മാമ്മൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
റബറിന്റെ ചരിത്രം, കൃഷി, വിപണനം, പരിശീലനം തുടങ്ങിയവ വിശദമാക്കുന്ന പ്രദർശനം 17 മുതൽ 19 വരെ മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
റബർ ബോർഡ് 75–ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും.
റബർ ബോർഡിന്റെ നേട്ടങ്ങളും പ്രാധാന്യവും വ്യക്തമാക്കുന്ന രീതിയിലാണ് ആഘോഷങ്ങളെന്ന് ചെയർമാൻ ഡോ.സാവർ ധനാനിയ, എക്സിക്യൂട്ടീവ് അംഗം എൻ.ഹരി, ബോർഡ് അംഗങ്ങളായ ടി.പി. ജോർജ് കുട്ടി, സിഎസ്.സോമൻ പിള്ള എന്നിവർ അറിയിച്ചു.
1947 ഏപ്രിൽ 18ന് റബർ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് നിയമം രൂപംകൊള്ളുകയും ഇന്ത്യൻ റബർ ബോർഡ് നിലവിൽ വരുകയുമായിരുന്നു. 1954 ൽ നിയമം പരിഷ്കരിക്കുകയും റബർ ബോർഡ് എന്ന് പേരു മാറ്റുകയും ചെയ്തു.