കോട്ടയം: രാജ്യത്ത് പ്രകൃതിദത്ത റബറിന്റെ ഉത്പാദനത്തില്‍ 2.1 ശതമാനം വര്‍ധനയെന്ന് റബര്‍ ബോര്‍ഡ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 8.57 ലക്ഷം ടണ്‍ ആയിരുന്നു ഉത്പാദനം.
2022-23ല്‍ അത് 8.39 ലക്ഷം ടണ്‍ ആയിരുന്നു. 2022-23 ലെ 13.5 ലക്ഷം ടണ്‍ ഉപയോഗം 2023-24ല്‍ 4.9 ശതമാനം വര്‍ധിച്ച് 14.16 ലക്ഷം ടണ്ണായി ഉയര്‍ന്നു.
ഓഗസ്റ്റ് വരെയുള്ള ഉത്പാദനം 2.83 ലക്ഷം ടണ്‍ ആണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കൂടുതലാണ്. 2024-25 സാമ്പത്തികവര്‍ഷത്തേക്കുള്ള പ്രതീക്ഷിത ഉത്പാദനം 8.75 ലക്ഷം ടണ്‍ ആണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024-25 ഏപ്രില്‍ മുതല്‍ ജൂലൈ വരെ തായ് ലൻഡിന്റെ ഉത്പാദനത്തില്‍ 0.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ റബര്‍വിലയില്‍ മാറ്റമുണ്ടാക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
റബര്‍ബോര്‍ഡ് സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ റബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ 45-ാമത് പതിപ്പിലാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.