
കോട്ടയം: ഇന്ത്യയില്‍ റബര്‍ വ്യവസായ ഉപയോഗം ഇക്കൊല്ലം ആഭ്യന്തര ഉത്പാദനത്തിന്‍റെ ഇരട്ടിയോളമെത്തും. നടപ്പു സാമ്പത്തിക വര്‍ഷം 14.5 ലക്ഷം ടണ്‍ ഉപയോഗവും 8.75 ലക്ഷം ഉത്പാദനവും എന്നതാണ് വിലയിരുത്തല്‍.
അഞ്ചര ലക്ഷം ടണ്ണിന്‍റെ ഇറക്കുമതി പ്രതീക്ഷിക്കുന്നു. വ്യവസായികളും റബര്‍ ബോര്‍ഡും കര്‍ഷകരോടു നീതി പുലര്‍ത്തിയാല്‍ നിലവിലെ സാഹചര്യത്തില്‍ വില ഇക്കൊല്ലം ഉയര്‍ന്നു നില്‍ക്കേണ്ടതാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് കിലോയ്ക്ക് 247 രൂപ വരെ ഉയര്‍ന്ന ഷീറ്റ് വില പിന്നീട് താഴേക്ക് പതിച്ചു. ആ ആഴ്ച 250 രൂപയ്ക്കു മുകളില്‍ വ്യാപാരം നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേനല്‍ താപം കൂടുന്നതിനാല്‍ കേരളത്തില്‍ ഈ മാസം തന്നെ ടാപ്പിംഗ് നിലയ്ക്കുമെന്ന സാഹചര്യമാണ്. മുന്‍പ് ഫെബ്രുവരി പകുതി വരെ ടാപ്പിംഗ് നടന്നിരുന്നു.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കാര്യമായ സ്റ്റോക്കില്ലാതിരിക്കെ റബറിന് വരുംമാസങ്ങളില്‍ കടുത്ത ക്ഷാമം നേരിടാം. മാത്രവുമല്ല വിദേശത്ത് ഉത്പാദനം കുറഞ്ഞ് വില ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവിലെ ഉത്പാദനത്തോതും വിദേശവിലയും കണക്കാക്കിയാല്‍ ആഭ്യന്തര വില 225 രൂപയിലെത്തേണ്ടതാണ്.
ആഭ്യന്തര ഉത്പാദനം കഴിഞ്ഞ മുന്‍ വര്‍ഷത്തെക്കാള്‍ 2.1 ശതമാനവും ഉപയോഗം 4.9 ശതമാനവും കൂടുമെന്നാണ് റബര്‍ ബോര്‍ഡിന്‍റെ വിലയിരുത്തല്‍. ഇതര കൃഷികളേക്കാള്‍ കാലാവസ്ഥാ വ്യതിയാനം കടുത്ത പ്രത്യാഘാതമാണ് റബര്‍ കൃഷിയിലുണ്ടാക്കുന്നത്. മഴ, വരള്‍ച്ച വ്യതിയാനവും തൊഴിലാളി ക്ഷാമവും വിലയിലെ അസ്ഥിരയുമാണ് പ്രതിസന്ധി.
കേരളത്തിലെ 30 ശതമാനം തോട്ടങ്ങളിലും വര്‍ഷങ്ങളായി ടാപ്പിംഗ് മുടങ്ങിക്കിടക്കുന്നു. 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നാലു മാസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ റബര്‍ കൃഷി പരിമിതപ്പെടുമ്പോഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി വ്യാപനത്തിന് വേഗമേറുകയാണ്.
ദേശീയ ഉത്പാദനത്തില്‍ 60 ശതമാനം മാത്രമായി കേരളം ചുരുങ്ങി. അതേസമയം ത്രിപുരയില്‍ ഉള്‍പ്പെടെ കൃഷി വ്യാപനം അതിവേഗം മുന്നേറുകയാണ്. നിലവില്‍ തൊണ്ണൂറായിരം ഹെക്ടറില്‍ അവിടെ കൃഷിയും ഒരു ലക്ഷം ടണ്ണോളം ഉത്പാദനവുമുണ്ട്. സ്വാഭാവിക റബറിനു പുറമെ ഇന്ത്യയില്‍ ഇക്കൊല്ലം 5.46 ടണ്‍ കൃത്രിമ റബറിന്‍റെ ഉത്പാദനമുണ്ട്.