Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

റബര്‍വില വീണ്ടും ഡബിള്‍ സെഞ്ചുറിക്ക് തൊട്ടടുത്ത്

കോട്ടയം: ഒരിടവേളയ്ക്കുശേഷം റബര്‍വില വീണ്ടും 200 രൂപയ്ക്ക് തൊട്ടടുത്ത്. വിപണിയിലേക്ക് ചരക്ക് വരവ് കുറഞ്ഞതോടെയാണ് വില കൂടി തുടങ്ങിയത്. അന്താരാഷ്ട്ര വിലയും മുകളിലേക്ക് കയറിയത് ആഭ്യന്തര മാര്‍ക്കറ്റിന് ഗുണം ചെയ്യുന്നുണ്ട്. ബാങ്കോക്ക് വില 210 രൂപയ്ക്ക് മുകളിലാണ്.

റബര്‍ ബോര്‍ഡ് വില അനുസരിച്ച് സംസ്ഥാനത്ത് ആര്‍.എസ്.എസ്4ന് 195 രൂപയാണ് വില. എന്നാല്‍ പ്രാദേശിക വ്യാപാരികള്‍ നല്ലയിനത്തിന് 200 രൂപയ്ക്കടുത്ത് നല്‍കുന്നുണ്ട്. ടയര്‍ കമ്പനികള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ വില കൂടിയേക്കുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്.

കനത്ത മഴയെത്തിയത് തോട്ടങ്ങളില്‍ ടാപ്പിംഗിനെ ബാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അഭാവത്തില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് മഴമൂലം ടാപ്പിംഗ് തടസപ്പെടുന്നത് തിരിച്ചടിയാണ്. മണ്‍സൂണ്‍ സീസണില്‍ റെയിന്‍ഗാര്‍ഡ് സ്ഥാപിച്ച് ടാപ്പിംഗ് നടത്താതിരുന്നവരെയാണ് ഇതു കൂടുതല്‍ ബാധിക്കുക.

ഡിസംബര്‍ പകുതിയാകുന്നതോടെ ചൂടു കൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് പതിവ്. അതുകൊണ്ട് തന്നെ ടാപ്പിംഗ് നടക്കേണ്ട സമയത്ത് മഴയെത്തിയത് കര്‍ഷകരുടെ വരുമാനത്തെ ബാധിക്കും.

ചെറുകിട കര്‍ഷകര്‍ വില കൂടുമെന്ന പ്രതീക്ഷയില്‍ ചരക്ക് വിറ്റഴിക്കാതെ സൂക്ഷിക്കുന്നത് വിപണിയില്‍ ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. റബര്‍ കര്‍ഷകരുടെ കൂട്ടായ്മ നടത്തിയ ബഹിഷ്‌കരണ ആഹ്വാനവും ചരക്ക് വിപണിയിലെത്തുന്നത് കുറയാന്‍ ഇടയാക്കി.

ടയര്‍ കമ്പനികള്‍ക്ക് മൂന്നാം പാദത്തില്‍ വില്പന കൂടുമെന്ന നിഗമനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

X
Top