Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സംസ്ഥാനത്ത് റബര്‍വില കുത്തനെ ഇടിയുന്നു

കോട്ടയം: മഴകുറഞ്ഞ് തോട്ടങ്ങളില്‍ ടാപ്പിംഗ് സജീവമാകുന്നതിനിടെ തിരിച്ചടിയായി റബര്‍വിലയില്‍(Rubber Price) തിരിച്ചിറക്കം. ഒരാഴ്ച്ചയ്ക്കിടെ ആഭ്യന്തര വിപണിയില്‍(Domestic Market) 10 രൂപയ്ക്കടുത്താണ് കുറഞ്ഞത്.

റബര്‍ ബോര്‍ഡിന്റെ(Rubber Board) വില 229 രൂപയുണ്ടെങ്കിലും ചെറുകിട വ്യാപാരികള്‍ ചരക്കെടുക്കുന്നത് ഇതിലും 3-4 രൂപ കുറച്ചാണ്.

വില ഇനിയും ഇടിഞ്ഞേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും. സ്റ്റോക്ക് കാര്യമായി പിടിച്ചുവയ്ക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നില്ല.

രാജ്യാന്തര വിലയിലും ഇടിവ് പ്രകടമാണ്. ഒരാഴ്ച മുമ്പ് വരെ കുതിക്കുകയായിരുന്ന വില പെട്ടെന്നാണ് താഴേക്ക് പോയത്. നിലവില്‍ ബാങ്കോക്ക് വില 225-227 റേഞ്ചിലാണ്. തായ്‌ലന്‍ഡില്‍ മഴമൂലം ഉത്പാദനം കുറഞ്ഞ അവസ്ഥയിലാണ്. എന്നിട്ടു പോലും വിലയിടിയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.

ഒരു മാസം മുമ്പ് റബര്‍വില 250 രൂപയായിരുന്നു. റെക്കോഡിലെത്തിയ ശേഷം വില പിന്നീട് ഇടിയുന്നതാണ് കണ്ടത്. ഒരു മാസത്തിനിടെ 25 രൂപയോളം കുറവാണ് റബര്‍വിലയില്‍ ഉണ്ടായിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുശേഷം റബര്‍വില റെക്കോഡ് മറികടന്നതോടെ ടാപ്പിംഗ് നിലച്ചിരുന്ന തോട്ടങ്ങള്‍ പലതും സജീവമായിട്ടുണ്ട്. റബര്‍ ടാപ്പിംഗ് അനുബന്ധ ഉത്പന്നങ്ങളുടെ വില്പനയും വര്‍ധിച്ചിട്ടുണ്ട്.

രണ്ടര മാസത്തോളം നിര്‍ജീവമായിരുന്ന ഇറക്കുമതി വര്‍ധിച്ചതാണ് കേരളത്തില്‍ വില ഇടിയാന്‍ കാരണം. കണ്ടെയ്‌നര്‍ ലഭ്യത കുറഞ്ഞതു മൂലമായിരുന്നു ഇറക്കുമതി നിലച്ചത്. എന്നാല്‍ പ്രതിസന്ധി മാറിയതോടെ ആവശ്യാനുസരണം റബര്‍ ഇറക്കുമതി നടത്താന്‍ ടയര്‍ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്.

ആഭ്യന്തര വില അതിവേഗം കയറിപോകുന്നത് നിയന്ത്രിക്കാനും ഇതുവഴി ടയര്‍ നിര്‍മാതാക്കള്‍ക്കു സാധിച്ചു. ഒരു ഘട്ടത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ടയര്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കിയിരുന്നു.

ഇറക്കുമതി റബറിന്റെ വന്‍തോതിലുള്ള വരവ് സംസ്ഥാനത്തെ കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുവ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

X
Top