
തിരുവനന്തപുരം: വൈദ്യുതി വാങ്ങാനും സർക്കാരിന് ഇടനിലക്കാർ’ എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനും പകൽ സമയത്ത് അധികമുള്ള വൈദ്യുതി വിൽക്കാനും കഴിയുന്ന തരത്തിൽ കെഎസ്ഇബിക്ക് പൂർണസജ്ജമായ ഒരു മാർക്കറ്റിങ് വിഭാഗം രൂപീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
അതിന്റെ ഭാഗമായ ചർച്ചയാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപറേഷന്റെ ഉപസ്ഥാപനമായ നാഷണൽ വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡുമായി നടത്തിയത്.
ഇതിനെ വളച്ചൊടിച്ചാണ് വൈദ്യുതി വാങ്ങാൻ ഇടനിലക്കാരായി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ ചുമതലപ്പെടുത്തുന്നുവെന്നും ഇതിന്റെ ഭാഗമായി 58.57 കോടി രൂപ ഉപയോക്താവിന്റെ തലയിലാകുമെന്നുമുള്ള വാർത്ത നൽകിയത്.
വൈദ്യുതി കൈമാറ്റക്കച്ചവടം (സ്വാപിങ്) കൃത്യവും സമഗ്രവുമായ തരത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വൈദ്യുതി ലഭ്യത, ആവശ്യകത തുടങ്ങിയവ സംബന്ധിച്ച സമഗ്രമായ മാർക്കറ്റ് പഠനത്തിനായി സ്വന്തമായി ഒരു വിഭാഗത്തെ രൂപീകരിക്കുക ലക്ഷ്യമിട്ടാണ് വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ സമീപിച്ചത്.
മാർക്കറ്റിങ് വിഭാഗ രൂപീകരണത്തിന് വിദഗ്ധ സഹായം നൽകാൻ പരിമിതിയുണ്ടെന്ന് അവർ അറിയിച്ചു. ഈ സാഹചര്യത്തിൽ മറ്റ് സർക്കാർ അനുബന്ധ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും കെഎസ്‌ഇബി അറിയിച്ചു.