ന്യൂഡല്‍ഹി: കോവിഡ് പൊട്ടിപുറപ്പെട്ട 2020 മുതല്‍ പണപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുകയാണ് ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) മേഖല. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നത് ഉത്പാദന ചെലവുയര്‍ത്തിയതാണ് കമ്പനികളെ കുഴക്കിയത്.പാം, ക്രൂഡ് ഓയിലുകളുടെ വിലവര്‍ധനവിന് അറുതിയായെങ്കിലും രൂപയുടെ മൂല്യമിടിവ് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നു.
സോപ്പുകള്‍, ഷാംപൂ, ബിസ്‌ക്കറ്റ്, നൂഡില്‍സ് എന്നിവ നിലവില്‍ വിലക്കയറ്റ സമ്മര്‍ദ്ദം നേരിടുകയാണ്. സോപ്പ്, ഷാംപൂ, നൂഡില്‍സ്, ബിസ്‌ക്കറ്റ് എന്നിവ മുതല്‍ ചോക്ലേറ്റുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തു പാമോയിലാണ്. അതേസമയം ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
പ്രതിവര്‍ഷം 13.5 ദശലക്ഷം ടണ്‍ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ 88.5 ദശലക്ഷം ടണ്‍ (ഏകദേശം 63 ശതമാനം) പാം ഓയില്‍ ആണ്. മാത്രമല്ല, എല്ലാ ചരക്കുകളുടെയും അടിസ്ഥാനവില ഡോളര്‍/ ടണ്ണിലാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ രൂപയുടെ തകര്‍ച്ച ഇവിടെ വില്ലനാകുന്നു.
കഴിഞ്ഞ 2 മാസത്തില്‍ 2-3 ശതമാനം ഇടിവാണ് ഇന്ത്യന്‍ കറന്‍സിയിലുണ്ടായത്. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് വില വര്‍ധനയും ഇന്‍പുട്ട് ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിസര്‍ച്ച് അനലിസ്റ്റ് പുഷന്‍ ശര്‍മ്മ പറഞ്ഞു.
മാര്‍ജിന്‍ ആശങ്കകള്‍
ഇന്‍പുട്ട് വിലകളിലെ നിരന്തരമായ വര്‍ദ്ധനവ് കാരണം പല പാദങ്ങളിലായി എഫ്എംസിജി കമ്പനികള്‍ കുറഞ്ഞ മാര്‍ജിനിലാണ് പ്രവര്‍ത്തിക്കുന്നത്. സെപ്തംബര്‍ അവസാനിച്ച പാദത്തിലും എഫ്എംസിജി കമ്പനികളുടെ മാര്‍ജിന്‍ ചുരുങ്ങി. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാര്‍ജിന്‍ 588 ബേസിസ് പോയിന്റ് കുറഞ്ഞ് 44.9 ശതമാനമായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 176 പോയിന്റ് കുറഞ്ഞ് 23.3 ശതമാനത്തിലെത്തി.
സമാനമായി, ഡാബര്‍ ഇന്ത്യയുടെ മൊത്തം മാര്‍ജിന്‍ 350 ബേസിസ് പോയിന്റ് കുറഞ്ഞ 45.4 ശതമാനവും കോള്‍ഗേറ്റ് പാമോലീവ് ഗ്രോസ് മാര്‍ജിന്‍ 310 ബേസിസ് പോയിന്റ് കുറഞ്ഞ് 63.8 ശതമാനവുമാവുകയായിരുന്നു. കോള്‍ഗേറ്റ് പാമോലീവിന്റേത് 20 വര്‍ഷത്തെ കുറഞ്ഞ മാര്‍ജിനാണ്.
നെസ്ലെ ഇന്ത്യയുടെ മാര്‍ജിന്‍ 300 ബേസ്സി പോയിന്റ് ഇടിവില്‍ 52.5 ശതമാനമായാണ് ചുരുങ്ങിയത്.