മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ മൂല്യം 83.59 നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇന്നലത്തെ വ്യാപാരത്തിൽ 6 പൈസയാണു നഷ്ടം.
ഡോളർ ഇൻഡക്സ് ശക്തമായി തുടരുന്നതും രാജ്യത്തെ ഉയർന്ന വിലക്കയറ്റത്തോതുമാണ് രൂപയുടെ കരുത്തു ചോർത്തുന്നത്. അതേസമയം, ഓഹരിവിപണികൾ കരുത്താർജിക്കുന്നതും വിദേശ സ്ഥാപന നിക്ഷേപകർ കൂടുതൽ പണം ഓഹരിവിപണികളിലേക്ക് എത്തിക്കുന്നതും വലിയ തോതിലുള്ള തകർച്ചയിൽ നിന്നു രൂപയെ രക്ഷിക്കുന്നുമുണ്ട്.
ഡോണൾഡ് ട്രംപിനെതിരെയുണ്ടായ വധശ്രമം വോട്ടായി മാറുമെന്ന പ്രതീക്ഷ വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഡോളർ വീണ്ടും കരുത്തുനേടി.
രൂപയടക്കമുള്ള ഏഷ്യൻ കറൻസികളെല്ലാം ഇന്നലെ ഇടിഞ്ഞു. യുഎസിലെ വൻകിട നിക്ഷേപകർ ട്രംപിന്റെ വിജയമാണ് പ്രതീക്ഷിക്കുന്നത്. ട്രംപ് വിജയിച്ചാൽ അത് ഡോളറിന്റെ കരുത്തും ട്രഷറി വരുമാനവും കൂടാനിടയാക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ.