മുംബൈ: ഡോളറിന്റെ ഡിമാന്ഡ് കൂടിയതോടെ രൂപയുടെ മൂല്യത്തില് റെക്കോഡ് തകര്ച്ച. ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 83.41 നിലവാരത്തിലേക്ക് പതിച്ചു. ഇറക്കുമതിക്കാര്ക്കിടയില് ഡിമാന്റ് കൂടിയതാണ് ഓഹരി വിപണി എക്കാലത്തെയും ഉയരത്തില് ക്ലോസ് ചെയ്തിട്ടും മൂല്യമിടിയാന് കാരണം. കഴിഞ്ഞ ദിവസം 83.38 നിലവാരത്തിലായിരുന്നു ക്ലോസിങ്.
യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള് വരാനിരിക്കെ ഡോളറിന്റെ മൂല്യത്തില് ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്. രാജ്യത്തെ സാഹചര്യം വിലയിരുത്തുകയാണെങ്കില്, റിസര്വ് ബാങ്കിന്റെ വായ്പാനയ തീരുമാനവും നിര്ണായകമാകും.
നിരക്കുകളില് മാറ്റംവരുത്തിയേക്കില്ലെന്നാണ് സൂചന. എങ്കിലും അനുകൂലമല്ലാത്ത നിരീക്ഷണങ്ങളുണ്ടായാല് രൂപയുടെ മൂല്യത്തെ വീണ്ടും ബാധിച്ചേക്കാം.
ആറ് കറന്സികളുമായി താരതമ്യം ചെയ്ത് കരുത്തു സൂചിപ്പിക്കുന്ന ഡോളര് സൂചികയാകട്ടെ 0.09 ശതമാനം താഴ്ന്ന് 103.62 നിലയിലാണ് വ്യാപാരം നടക്കുന്നത്. അസംസ്കൃത എണ്ണ വിലയാകട്ടെ നേരിയതോതില് താഴ്ന്ന് ബാരലിന് 77.99 ഡോളര് നിലവാരത്തിലെത്തിയിട്ടുണ്ട്.
രാജ്യത്തെ ഓഹരി സൂചികകളില് കുതിപ്പ് തുടരുകയുമാണ്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം ശക്തമാകുന്നതും ശുഭസൂചനയാണ് നല്കുന്നത്. തിങ്കളാഴ്ചമാത്രം 2,073.21 കോടി രൂപയാണ് അവര് ഓഹരിയില് മുടക്കിയത്.