
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തി.75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന വരുത്തിയ ഫെഡ് റിസര്‍വ് നടപടിയെ തുടര്‍ന്ന് രൂപ 80.35 ലേയ്ക്ക് വീഴുകയായിരുന്നു. മുന്‍ ക്ലോസിംഗില്‍ നിന്നും 0.48 ശതമാനം കുറവാണ് ഇത്.
80.29 നിരക്കിലാണ് രൂപ ഓപ്പണ്‍ ചെയ്തത്. മറ്റ് ഏഷ്യന്‍ കറന്‍സികളും തിങ്കളാഴ്ച തകര്‍ച്ച വരിച്ചു.ദക്ഷിണ കൊറിയയുടെ വണ്‍- 1 ശതമാനം തായ് ബാത്ത് -0.51 ശതമാനം, ജപ്പാനീസ് യെന്‍- 0.57 ശതമാനം, ചൈന റെന്‍മിന്‍ബി- 0.6 ശതമാനം, തായ് വാന്‍ ഡോളര്‍- 0.5 ശതമാനം, മലേഷന്‍ റിഞ്ചിട്ട് -0.36 ശതമാനം, ഇന്തോനേഷ്യന്‍ റുപ്പയ- 0.43 ശതമാനം സിംഗപ്പൂര്‍ ഡോളര്‍- 0.28 ശതമാനം എന്നിങ്ങനെയാണ് ഏഷ്യന്‍ കറന്‍സികള്‍ നേരിട്ട ഇടിവ്. ആഗോള ഓഹരി വിപണികളുടെ തകര്‍ച്ചയോടൊപ്പം ബോണ്ട് യീല്‍ഡ് വര്‍ധന രേഖപ്പെടുത്തി.
10 വര്‍ഷ ബോണ്ട് യീല്‍ഡ് 5 ബേസിസ് പോയിന്റ് ഉയര്‍ന്ന് 7.289 ശതമാനമാവുകയായിരുന്നു. പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും വളര്‍ച്ചാകുറവ് കാര്യമാക്കുന്നില്ലെന്നും നിരക്ക് വര്‍ധന പ്പ്രഖ്യാപിക്കവേ ഫെഡ് ചെയര്‍ ജെറോമി പവല്‍ ബുധനാഴ്ച പറഞ്ഞു. ഇതോടെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് ഉയരുകയും ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തുകയും ചെയ്തു.
കലണ്ടര്‍ വര്‍ഷം 2022 ന്റെ നാലാം പാദത്തോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കുറവ് നേരിടുമെന്ന് ജാപ്പാനീസ് സാമ്പത്തിക സ്ഥാപനം നൊമൂറ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഡോളര്‍ നിലവില്‍ 20 വര്‍ഷത്തെ ഉയര്‍ച്ചയിലാണുള്ളത്. ഫെഡ് റിസര്‍വ് നടപടിയുടെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നിരക്കുയര്‍ത്താനുള്ള സാധ്യതയുണ്ട്.
40 ബേസിസ് പോയിന്റ് വര്‍ധനവാണ് സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം വിദേശനിക്ഷേപകര്‍ പിന്മാറുന്നത് രൂപയ്ക്ക് തുടര്‍ന്നും ഭീഷണി സൃഷ്ടിക്കും.