ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് രൂപയുടെ തകര്‍ച്ച വിലങ്ങുതടിയാകുന്നതായി മൂഡീസ് അനലിസ്റ്റിക്ക്‌സ്. ഫെഡ് റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ ഡോളര്‍ ശക്തിപ്പെടുകയും രൂപ സര്‍വകാല താഴ്ച വരിക്കുകയും ചെയ്തു. നിലവില്‍ എക്കാലത്തേയും താഴ്ചയായ 83 നടുത്താണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം.
ഇറക്കുമതി ചെയ്ത വസ്തുക്കളുടെ ഉയര്‍ന്ന വിലയ്ക്കൊപ്പം ഫോറെക്സ് കരുതല്‍ ശേഖരം കുറയുന്നതും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിലവിലുള്ള പണനയവും വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. മികച്ചതും സുസ്ഥിരവുമായ വരുമാനത്തിനായി നിക്ഷേപകര്‍ യുഎസ് പോലുള്ള സ്ഥിരതയുള്ള വിപണികളിലേക്ക് നീങ്ങുകയാണ്. രൂപയുടെ തകര്‍ച്ച തടയാനായി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) സ്‌പോട്ട്, ഫോര്‍വേര്‍ഡ് വിപണികളില്‍ ഇടപെടുന്നുണ്ട്.
കറന്‍സി ബലഹീനത കേന്ദ്രബാങ്കിനെ പ്രതിസന്ധിയിലാക്കുമെന്ന് മൂഡീസ് വിലയിരുത്തി. പണപ്പെരുപ്പം ഇനി വര്‍ദ്ധിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഭക്ഷ്യവില വര്‍ദ്ധന ആശങ്ക ഉയര്‍ത്തുന്നു.
ചില്ലറ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.44 ശതമാനമായി കുറഞ്ഞിരുന്നു. ജനുവരിയില്‍ 6.52 ശതമാനമായിരുന്നു ഇത്. 2022 മെയ് മാസം തൊട്ട് ഇതിനോടകം 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്. 6.5 ശതമാനമാണ് നിലവിലെ റിപ്പോ.