കൊച്ചി: ജനുവരി 5 വരെ 17 ദിവസം കേരളമാകെ ട്രാവൽ–ടൂറിസം മേഖലയ്ക്ക് സീസൺ പാരമ്യത്തിലെത്തും കാലം. ഹോട്ടലുകളും റിസോർട്ടുകളും ഫുൾ. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി ഈ കലണ്ടർ വർഷം യാത്രക്കാർ ഇന്നോ നാളെയോ ഒരു കോടിയിലെത്തും. അതേസമയം വിമാന നിരക്കുകളിലും കുതിച്ചുകയറ്റമുണ്ട്.
കഴിഞ്ഞ 2 വർഷത്തിനിടെ ഫൈവ് സ്റ്റാർ ഉൾപ്പെടെ സംസ്ഥാനത്തെ ഹോട്ടലുകളുടേയും റിസോർട്ടുകളുടേയും എണ്ണത്തിൽ 30% വർധന ഉണ്ടായിട്ടും തിരക്കിനു കുറവില്ല. മുറിവാടക നിരക്കുകളും സീസണിൽ ഇരട്ടിയിലേറെ വർധിച്ചു.
പീക്ക് സീസൺ പരമാവധി മുതലാക്കുകയാണ് എല്ലാവരുടേയും ലക്ഷ്യം. ടൂറിസ്റ്റ് ടാക്സികളുടേയും ട്രാവലർ പോലുള്ള ഗ്രൂപ്പ് വാഹനങ്ങളുടേയും എണ്ണത്തിനും ഇക്കൊല്ലം വർധന ഉണ്ടായിട്ടും തിരക്കിനു കുറവില്ലെന്നു മാത്രമല്ല നിരക്കുകളും 30% വരെ വർധിച്ചു.
ഉത്തരേന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതലെത്തുന്ന മുംബൈ,ഡൽഹി, അഹമ്മദാബാദ് നഗരങ്ങളിൽ നിന്ന് വിമാന നിരക്ക് കൊച്ചി–തിരുവനന്തപുരം നഗരങ്ങളിലേക്ക് 35000 രൂപയിലെത്തി. 4 പേരുള്ള കുടുംബത്തിന് ഒന്നരലക്ഷം രൂപയോളം വിമാനച്ചെലവ് തന്നെ വരുന്നു.
സ്വാഭാവികമായും ഹോട്ടൽ ചെലവും മറ്റും കൂട്ടുമ്പോൾ 2–3 ലക്ഷം രൂപ വരെ ആകെ ചെലവ് വരാം.
ഗൾഫിൽ നിന്നുള്ള എല്ലാ വിമാനക്കമ്പനികളിലും വൺവേ നിരക്ക് സാധാരണ ഉള്ളതിന്റെ മൂന്നിരട്ടി വരെ എത്തിയിട്ടുണ്ട്.
ഉദാഹരണത്തിന് നാളെ ദുബായി–തിരുവനന്തപുരം എമിറേറ്റ്സ് നിരക്ക് 47300 രൂപ! ബജറ്റ് എയർലൈനുകളിലും നിരക്ക് കൂടുതലാണ്. 23ന് എയർ അറേബ്യ നിരക്ക് 24500. ബെംഗളൂരു– തിരുവനന്തപുരം നിരക്ക് ക്രിസ്മസ് തലേന്ന് 15000 രൂപയിലേറെ. കൊച്ചിയിലേക്കും 10000 രൂപയിലേറെയുണ്ട്.
അവധിക്കാലത്ത് മലയാളികൾ പുറത്തേക്ക് പറക്കുകയാണ്. ടിക്കറ്റ് നിരക്കുകൾ കൂടുതലായിട്ടും ഗ്രൂപ്പ് ബുക്കിങ് മൂലം വിമാനങ്ങൾ നിറയുന്നു.
മുൻപ് പാക്കേജ് ചാർജിന്റെ 33% വിമാന നിരക്കും 66% അവിടെ ചെന്ന ശേഷമുള്ള ചെലവുകളുമായിരുന്നെങ്കിൽ, ഇപ്പോൾ 50% വരെ വിമാനച്ചെലവായി.