ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ച ജി7 രാഷ്ട്രങ്ങളുടെ നടപടിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഇന്ത്യ.തീരുമാനത്തെ റഷ്യ സ്വാഗതം ചെയ്തു. അംബാസഡര്‍ പവന്‍ കപൂറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഡിസംബര്‍ 5 ന് ജി 7 രാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ വില പരിധിയെ പിന്തുണയ്ക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു” റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജി7,യൂറോപ്യന്‍ യൂണിയന്‍,ഓസ്‌ട്രേലിയ എന്നിവര്‍ കടല്‍ വഴിയുള്ള റഷ്യന്‍ ഓയിലിന് 60 ഡോളര്‍ വില പരിധി നിശ്ചയിച്ചിരുന്നു.
പോളണ്ട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ തീരുമാനം അംഗീകരിച്ചു. ഉക്രെയ്ന്‍ അധിനിവേശത്തിനുള്ള ശിക്ഷ എന്ന നിലയിലാണ് നടപടി. അതേസമയം എണ്ണവിതരണം നടത്താന് മോസ്‌ക്കോയെ നിര്‍ബന്ധിക്കാനും തീരുമാനമായി.
പ്രതിഷേധ സൂചകമായി വിതരണം പൂര്‍ണ്ണമായി നിര്‍ത്തുമെന്ന് റഷ്യ ഭീഷണി മുഴക്കിയിരുന്നു. ലണ്ടന്‍ കേന്ദ്രീകൃത ബ്രെന്റ് അവധി വില നിലവില്‍ ബാരലിന് 76.82 ഡോളറാണ്.