വിനോദ സഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്ന മാര്ക്കറ്റാണ് ഇന്ത്യ.
കോവിഡിന് ശേഷം ഇന്ത്യക്കാര്ക്കിടയില് വിദേശ സഞ്ചാരം വ്യാപകമായതോടെയാണ് ഇന്ത്യന് സഞ്ചാരികള് ലോക ടൂറിസം മാര്ക്കറ്റില് നിര്ണായക സ്വാധീനം നേടുന്നത്. ഇതോടെ പല ടൂറിസ്റ്റ് രാജ്യങ്ങളും ഇന്ത്യക്കാരെ ആകര്ഷിക്കാനുള്ള ശ്രമങ്ങള് ആരംഭിക്കുകയുണ്ടായി.
പ്രധാനമായും വിസ ഇളവുകള് നല്കിയായിരുന്നു ഈ രാജ്യങ്ങള് ഇന്ത്യക്കാരെ സ്വാധീനിക്കാന് ശ്രമിച്ചത്. റഷ്യയാണ് ഇപ്പോള് ഇതിനായി വന് ശ്രമങ്ങള് നടത്തിക്കൊണ്ടിരിക്കുന്നത്. വിസ തന്നെയാണ് റഷ്യയുടെയും തുറുപ്പുചീട്ട്.
യുക്രൈന് യുദ്ധത്തെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് റഷ്യ തങ്ങളുടെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
എന്നാല് യുക്രൈന് അധിനിവേശത്തോടുള്ള എതിര്പ്പ് കാരണം പല യുറോപ്യന് രാജ്യങ്ങളും റഷ്യയെ ഉപരോധിക്കാന് തീരുമാനിച്ചിരുന്നു. ഇതോടെ യൂറോപ്യന് സഞ്ചാരികള് റഷ്യയില് വരാതായി. ഇത് സ്വാഭാവികമായും റഷ്യന് ടൂറിസത്തിന് വലിയ തിരിച്ചടിയായി. ഇതോടെയാണ് തങ്ങളുടെ സൗഹൃദ രാജ്യങ്ങളായ ചൈന, ഇന്ത്യ മാര്ക്കറ്റുകളില് ശ്രദ്ധ കേന്ദ്രീകരിക്കാന് അവര് തീരുമാനിച്ചത്.
ഇന്ത്യയുമായള്ള വിനോദസഞ്ചാരവും സാംസ്കാരിക വിനിമയവും സാമ്പത്തിക ബന്ധവും വളര്ത്താനാണ് തങ്ങള് ശ്രമിക്കുന്നതെന്ന് റഷ്യന് സാമ്പത്തിക വികസന മന്ത്രാലയ ഡയറക്ടര് നികിത കോണ്ഡ്രാറ്റ്യേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
SATTE പോലുള്ള ഏഷ്യന് ടൂറിസം മേളകളില് റഷ്യന് ടൂറിസം ഉദ്യോഗസ്ഥര് സജീവമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യന് സഞ്ചാരികള്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന സൂചനകള് സജീവമായത്. ഇതിന് വേണ്ടിയുള്ള ചര്ച്ചകള് റഷ്യയിലെ കസാനില് വെച്ച് ജൂണില് ആരംഭിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
ഈ വര്ഷാവസാനത്തോടെ ഇന്ത്യ-റഷ്യ വിസ രഹിത യാത്രകള് സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യയാണ് ഈ ചര്ച്ചകള്ക്കുള്ള മുന്കൈ എടുക്കുന്നതെന്നും ശ്രദ്ധേയമാണ്.
നേരത്തെ ചൈനയുമായും ഇറാനുമായും റഷ്യ സമാനമായ വിനോദസഞ്ചാര പദ്ധതികള് നടപ്പിലാക്കിയിരുന്നു. നിലവില് ഇ-വിസ എടുത്താല് മാത്രമേ ഇന്ത്യക്കാര്ക്ക് റഷ്യയില് പ്രവേശിക്കാന് സാധിക്കുകയുള്ളു.
റഷ്യന് സഞ്ചാരികള്ക്കും ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഇന്ത്യ. കേരളമുള്പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളില് നിരവധി റഷ്യന് സഞ്ചാരികള് വര്ഷം മുഴുവന് എത്താറുണ്ട്. വിസയില് ധാരണയിലെത്താന് സാധിച്ചാല് ഇന്ത്യക്കും ഇത് മെച്ചമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ടൂറിസത്തിന് അപ്പുറത്തേക്ക് ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ-ആയുധ വ്യാപാരത്തിലുള്ള ഇന്ത്യ-റഷ്യ ബന്ധം സമീപകാലത്ത് ബലപ്പെട്ടിരുന്നു.
ഈ സഹകരണം ടൂറിസം മേഖലയിലും ഉണ്ടാവുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.