മോസ്‌ക്കോ: ആഗോള വിപണി സന്തുലിതമായി നിലനിര്‍ത്താനുള്ള ശ്രമത്തില്‍ അടുത്ത മാസം ക്രൂഡ് കയറ്റുമതി ഒഴുക്ക് വെട്ടിക്കുറയ്ക്കാന്‍ റഷ്യ പദ്ധതിയിടുന്നു.ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാകാണ് ഇക്കാര്യം അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ഒപെക് + ഗ്രൂപ്പിലെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യ ഓഗസ്റ്റ് വരെ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയാണ്.
അതിന് തൊട്ടുപിന്നാലെയാണ് റഷ്യയും സമാന തീരുമാനം കൈകൊണ്ടത്. എണ്ണവിതരണം ഓഗസ്റ്റ് മാസം തൊട്ട് 5 ലക്ഷം ബാരല്‍ കുറയ്ക്കുമെന്ന് നൊവാക് പറഞ്ഞു. പ്രതിദിനം 500,000 ബാരല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കുമെന്നും 2024 വരെ ആ നില നിലനിര്‍ത്തുമെന്നും റഷ്യ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു.
ഇതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കാനുള്ള സാധ്യതയേറി. ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവ്, എണ്ണ ഇറക്കുമതി രാജ്യങ്ങളായ ചൈന, ഇന്ത്യ എന്നിവയെ പ്രതികൂലമായി ബാധിക്കും. വന്‍ വിലവര്‍ധനവിനും കമ്പനികളുടെ ഇന്‍പുട്ട് ചെലവുകള്‍ വര്‍ദ്ധിക്കാനും നടപടി കാരണമായേക്കും.
ആഭ്യന്തര ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ.